News

അങ്ങനെ തോമസ് കുക്ക് പാപ്പരായി; തിരിച്ചുവരവിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു; 22000 പേരെ കമ്പനി പിരിച്ചുവിട്ടേക്കും

ലണ്ടന്‍: തോമസ് കുക്കെന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ട്രാവല്‍ ഏജന്‍സിയുടെ തിരിച്ചുവരവ് ഇനി പ്രതീക്ഷിക്കേണ്ടതില്ല. തോമസ് കുക്ക് പാപ്പരായി പ്രഖ്യാപിച്ചു.  ഇതോടെ 178 വര്‍ഷത്തോളം പഴക്കമുള്ള കമ്പനിയില്‍ നിന്ന് 22000 പേര്‍ക്ക് ജോലി നഷ്ടമായേക്കും. ബ്രിട്ടനില്‍ മാത്രം 9000  പേരാണ്  കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. ലോകത്താകമാനം കമ്പനിക്ക് ഓഫീസുകളും, ഉപഭോതാക്കളും ഉണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് കമ്പനി ഇപ്പോള്‍ പൂട്ടുന്നതെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 25 കോടി ഡോളര്‍ ബാധ്യതയുള്ള കമ്പനി പിടിച്ചു നില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പൂട്ടിപ്പോകേണ്ട അവസ്ഥയിലേക്കെത്തിയിട്ടുള്ളത്.  മാത്രമല്ല, ഓഫീസുകളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളും നിര്‍ത്തിയതായി കമ്പനി ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തു. 

അതേസമയം തോമസ് കുക്കുവഴി ബുക്ക് ചെയ്ത് വിനോദ സഞ്ചാരത്തിനുപോയ 1,65,000-ഓളം സഞ്ചാരികളാണ് വിദേശത്ത് കുടുങ്ങിയിട്ടുള്ളതെന്ന് ബ്രിട്ടീഷ് അധികൃതര്‍ കണക്കാക്കുന്നു. ഇവരെ തിരിച്ച് ബ്രിട്ടനിലെത്തുന്നതിന് 40 ജമ്പോജെറ്റുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കരുതുന്നത്. മുഴുവന്‍ വിനോദസഞ്ചാരികളെയും തിരികെ ബ്രിട്ടനിലെത്തിക്കുന്നതുവരെ പ്രതിസന്ധി തുടരുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.

178 വര്‍ഷം പഴക്കമുള്ള ട്രാവല്‍ കമ്പനിയെ രക്ഷിക്കുന്നതിന് 200 ദശലക്ഷം പൗണ്ടിന്റെ സഹായം നല്‍കണമെന്ന് കമ്പനി അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് നിരസിക്കപ്പെട്ടതോടെയാണ് കമ്പനി തകര്‍ന്നടിഞ്ഞത്. ബ്രിട്ടനില്‍ മാത്രം 9,000 പേരുടെ തൊഴിലാണ് ഇതോടെ ഭീഷണിയിലായത്. കമ്പനിവഴി ബുക്ക് ചെയ്ത് വിനോദ സഞ്ചാരത്തിന് പോയ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയതോടെ, പ്രതിസന്ധി മൂര്‍ച്ഛിച്ചു. ഇതിനിടെയാണ് അവരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങിയത്.

തകര്‍ച്ച പൂര്‍ണമായെങ്കിലും ഇപ്പോഴും തോമസ് കുക്ക് ട്രാവല്‍ പാക്കേജുകള്‍ നല്‍കുന്നുണ്ട്. ഇത് വലിയതോതില്‍ വിമര്‍ശനത്തിനും അടയായിട്ടുണ്ട്. കഴിഞ്ഞദിവസം കമ്പനിയിലേക്ക് 270 ഒഴിവുകളിലേക്ക് നിയമനത്തിന് പരസ്യവും നല്‍കിയിരുന്നു. ജീവന്‍പോലും അപകടത്തിലായ അവസ്ഥയിലാണ് വിനോദസഞ്ചാരികളില്‍ പലരുമെന്നാണ് അവര്‍ പറയുന്നത്. ടുണീഷ്യയില്‍ വിനോദസഞ്ചാരത്തിനുപോയ കുടുംബം, തോമസ് കുക്ക് പണം നല്‍കുമോയെന്ന സംശയത്തെത്തുടര്‍ന്ന് അവര്‍ ഹോസ്റ്റലില്‍ തടവിലാക്കപ്പെട്ട അവസ്ഥയിലാണെന്ന് സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.

Author

Related Articles