News

ട്രംപിന് ഇന്ന് രാത്രി താമസിക്കാന്‍ 'ഐടിസി മൗര്യ'യില്‍ ചാണക്യസ്യൂട്ട്; ചെലവ് എട്ട് ലക്ഷം രൂപ,പേള്‍ കൊണ്ടുള്ള ബാത്ത്‌റൂം ഉപകരണങ്ങള്‍, വായു നിലവാരം പരിശോധിക്കാന്‍ സംവിധാനം ,ആഡംബരങ്ങളറിയാം

ന്യൂദല്‍ഹി- യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലെ ആഡംബരങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. അഹമ്മദാബാദ് സന്ദര്‍ശനത്തിന് ശേഷം ഇന്ന് വൈകീട്ട് ട്രംപും ഭാര്യ മെലാനിയും  താമസിക്കുന്നത് ഐടിസിയുടെ 'മൗര്യ ഹോട്ടല്‍' ആണ്. നേരത്തെ ബരാക് ഒബാമയുടെ സന്ദര്‍ശനത്തിലും താമസം ഈ ഹോട്ടലില്‍ തന്നെയായിരുന്നു. ട്രംപിന്റെ ഒരു രാത്രിയുടെ താമസ ചെലവ് മാത്രം എട്ട് ലക്ഷം രൂപയാണ് . യുഎസ് പ്രസിഡന്റിനായി എല്ലാവിധ അത്യാഡംബര സൗകര്യങ്ങളും ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുങ്ങും. ഭക്ഷണ പരിശോധനാ ലബോറട്ടറി, ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍, മറ്റ് ആഡംബര സൗകര്യങ്ങളൊക്കെ മൗര്യ ഹോട്ടല്‍ അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. അന്തരീക്ഷ വായുവിന്റെ നിലവാരം വരെ ഓരോ സമയത്തും പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള സാങ്കേതിക സംവിധാനവും ഇവിടെയുണ്ട്. അദേഹത്തിനായി അനുവദിക്കുന്ന ഗ്രാന്റ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ രണ്ട് കിടപ്പുമുറികളാണ് ഉണ്ടാകുക. 

പട്ട്  പതിച്ച ചുവരുകളും തടികൊണ്ടുള്ള ഫ്‌ളോറിങ്ങുമൊക്കെയാണ് സ്യൂട്ടിലെ മറ്റ് സവിശേഷതകള്‍. അതിഗംഭീരമായ ആര്‍ട്ട് മനോഹാരിതയും ഈ മുറിയിലുണ്ടാകും. അതിമനോഹരമായ പ്രൈവറ്റ് ഡൈനിങ് റൂം, പേള്‍ പതിച്ച ബാത്ത് റൂം ഉപകരണങ്ങള്‍ ,മിനി സ്പാ, ജിംനേഷ്യം  തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഒരുക്കും. ആഡംബരത്തിലൊന്നും ഒരു കുറവും വരുത്തരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. കൂടാതെ ട്രംപിന്റെ സുരക്ഷ ഉറപ്പാക്കാനായി ഈ ദിവസം മറ്റ് അതിഥികള്‍ക്കൊന്നും ഹോട്ടലില്‍ താമസസൗകര്യം നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോട്ടലിലെ 438 മുറികളും ട്രംപിനും പരിവാരങ്ങള്‍ക്കുമായി ബുക്ക് ചെയ്തിട്ടിരിക്കുകയാണ്. ഹോട്ടലിലെ ഓരോ നിലയിലും പോലിസുകാര്‍ സാധാരണ വസ്ത്രങ്ങളിലാണ് പട്രോളിങ് നടത്തുക. യുഎസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുടെ സഹകരണവും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദല്‍ഹി പോലിസിനുണ്ട്. കൂടാതെ ഹോട്ടലിന്റെ അഭിമുഖമായി നിലകൊള്ളുന്ന വനമേഖലയിലും സുരക്ഷാ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ഐടിസി മൗര്യ ഹോട്ടലുള്ള സര്‍ദാര്‍ പട്ടേല്‍ മാര്‍ഗില്‍ ഹൈ ഡഫനിഷന്‍ സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഹോട്ടലിലെത്തുന്ന ട്രംപിനെയും ഭാര്യയെയും കൂപ്പുകൈ നല്‍കി പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ ജീവനക്കാരാണ് വരവേല്‍ക്കുക.

Author

Related Articles