News

തെരേസാ മേയ്ക്ക് വീണ്ടും തിരിച്ചടി; ബ്രെക്‌സിറ്റ് കരാര്‍ ബിട്ടീഷ് പാര്‍ലമെന്റ് രണ്ടാമതും തള്ളി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് പാര്‍ലമെന്റില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോള്‍. തെരേസാ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് ഒന്നാകെ തള്ളിയിരിക്കുകയാണ്. കരാറിനെതിരെ 391 പാര്‍ലമെന്റ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തതോടെ തെരേസാ മേയ്ക്ക് രാഷ്ട്രീയപരമായും ഭരണപരമായും വലിയ തിരിച്ചടിയാണ് നേരിട്ടത്. കരാറിനെ അനുകൂലിച്ചും, തെരേസാ മേയ്ക്ക് അനുകൂലമായും വെറും 242 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. 

രണ്ടാം തവണയാണ് തെരേസാ മേയ് കരാര്‍ അവതരിപ്പിക്കുന്നത്. കരാറില്‍ പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചും, സാമ്പത്തിക പരവും നയപരവുമായ മാറ്റങ്ങള്‍ വരുത്തിയാണ് തെരേസാ മേയ് രണ്ടാമതും കരാര്‍ അവതരിപ്പിച്ചത്. കരാറിനെതിരെ ഇത്തവണയും അംഗങ്ങള്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയതോടെ ബ്രിട്ടനില്‍ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ പ്രതിസന്ധിയും ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് നിരീക്ഷകര്‍. 

അതേസമയം കരാറുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുമെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെട്ടതോടെ ബ്രിട്ടന്‍ യൂറോപ്യന്‍ വിടണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. ബ്രെക്‌സിറ്റ് വൈകിപ്പിപ്പിക്കുന്നടക്കുമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ വ്യാഴാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കുമെന്നാണ് വിവരം. 

അതേസമയം സാഹചര്യങ്ങള്‍ കൂടുതല്‍ വശളായാല്‍ 2019 മാര്‍ച്ച് 29 ന് അര്‍ധരാത്രിയോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകേണ്ടി വരും. ബ്രെക്‌സിറ്റ് കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പിലാക്കണമെന്നാണ് ഭൂരിപക്ഷം എംപിമാരുടെയും പ്രധാന ആവശ്യം. അതേ സമയം കരാര്‍ നടപ്പിലാക്കുകയാണെങ്കില്‍ ഭീമമായ തുക ബ്രിട്ടന്‍ യൂരോപ്യന്‍ യൂണിയന് നല്‍കേണ്ടി വരും.

 

Author

Related Articles