News

എച്ച്1ബി വീസക്കാരുടെ ജീവിതപങ്കാളിക്ക് യുഎസില്‍ ജോലി ചെയാം; പെര്‍മിറ്റ് നല്‍കാന്‍ തീരുമാനം

വാഷിങ്ടന്‍: എച്ച്1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്ക് യുഎസില്‍ ജോലിക്കുതകുന്ന ഓട്ടമാറ്റിക് വര്‍ക് ഓതറൈസേഷന്‍ പെര്‍മിറ്റ് നല്‍കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു. ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണിത്. എച്ച്1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്കും 21 വയസ്സില്‍ താഴെയുള്ള മക്കള്‍ക്കും യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) നല്‍കുന്ന എച്ച്4 വീസ ലഭിക്കുന്നത് ഇനി എളുപ്പമാകും.

അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്‍ (എഐഎല്‍എ) നല്‍കിയ കേസിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. എച്ച്4 വീസയുള്ളവരുടെ ജോലിക്കു നിയോഗിക്കുന്നതിനുള്ള രേഖകള്‍ സ്വയമേവ പുതുക്കുന്നതിന് ആഭ്യന്തരസുരക്ഷാ വകുപ്പ് ഏര്‍പ്പെടുത്തിയ പരീക്ഷകള്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍ ജോലിയില്‍ തുടരാനാകില്ലായിരുന്നു. മികച്ച ശമ്പളമുള്ള ജോലികളില്‍ തുടരുന്നതിനു കടമ്പകള്‍ വന്നത് ജോലിക്കാര്‍ക്കും കമ്പനികള്‍ക്കും ദോഷമായി.

ചില മേഖലകളിലെ എച്ച്1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്ക് ഒബാമ ഭരണകൂടം ജോലിക്ക് അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച്, എച്ച്4 വീസയുള്ള തൊണ്ണൂറായിരത്തിലേറെ പേര്‍ക്ക് (കൂടുതലും ഇന്ത്യക്കാര്‍) ജോലി ലഭിച്ചു. ട്രംപ് ഭരണകൂടം ഇതില്‍ നിയന്ത്രണം വരുത്തിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

Author

Related Articles