News

ചെമ്മീന്‍ അടക്കമുള്ള 40 ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ചുമത്തി യുഎസ്; ഇത് പ്രതികാരമോ?

ഗൂഗിള്‍ അടക്കമുള്ള പ്രമുഖ അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ 2 ശതമാനം ഡിജിറ്റല്‍ സര്‍വീസ് ടാക്സിന് (ഡി എസ് ടി) ബദലായി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ചെമ്മീന്‍ അടക്കമുള്ള 40 ഉല്‍പന്നങ്ങള്‍ക്ക് യു എസ് ഭരണകൂടം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്ന 25 ശതമാനം അധിക നികുതി സമുദ്രോല്‍പന്ന കയറ്റുമതി മേഖലയില്‍ പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നു.

ഒറ്റയടിക്ക് 25 ശതമാനം അധിക നികുതി വന്നാല്‍ അമേരിക്കയിലേക്കുള്ള സമുദ്രോല്‍പന്ന കയറ്റുമതി നിര്‍ത്തിവെക്കുക മാത്രമേ മാര്‍ഗമുള്ളൂവെന്ന് സമുദ്രോല്‍പന്ന കയറ്റുമതിക്കാര്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സമുദ്രോല്‍പന്നങ്ങളില്‍ അധികവും ശീതീകരിച്ച ചെമ്മീനാണ്.

ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം യു എസ് ആണ്. പോയവര്‍ഷം 2,85,904 മെട്രിക് ടണ്‍ ചെമ്മീനാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള ആകെ ചെമ്മീന്‍ കയറ്റുമതി 6,52,253 മെട്രിക് ടണ്ണാണ്, അതായത് ആകെ ചെമ്മീന്‍ കയറ്റുമതിയുടെ മൂന്നിലൊന്നും നടക്കുന്നത് അമേരിക്കയിലേക്കാണ്. വനാമി, ബ്ലാക്ക് ടൈഗര്‍ എന്നീ ഇനം ചെമ്മീനുകള്‍ക്കാണ് അമേരിക്കയില്‍ വലിയ ഡിമന്‍ഡ് ഉള്ളത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയുടെ ഘട്ടം പിന്നിട്ട് ഇപ്പോള്‍ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് അധികനികുതി ഭാരത്തിന്റെ ബാധ്യത തലയില്‍ വന്നു വീണിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറയുന്നു.

അമേരിക്ക തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ അത് ഇന്ത്യന്‍ കയറ്റുമതി മേഖലയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ചെമ്മീന്‍ കയറ്റുമതിയില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വലിയ മത്സരം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്തരമൊരു ഭാരിച്ച നികുതി ഒരു തരത്തിലും ഈ മേഖലക്ക് താങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധിക നികുതി 2-3 ശതമാനത്തില്‍ ഒതുങ്ങി നിന്നാല്‍ അത് താങ്ങാന്‍ കയറ്റുമതിക്കാര്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Author

Related Articles