News

അഭിമുഖത്തിനു പോകാന്‍ 500 രൂപ യാത്രക്കൂലി നല്‍കിയ അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കി ബാങ്ക് സിഇഒ

ന്യൂഡല്‍ഹി: അഭിമുഖത്തിനു പോകാന്‍ 500 രൂപ യാത്രക്കൂലി നല്‍കി സഹായിച്ച അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കി ബാങ്ക് സിഇഒ. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ വി.വൈദ്യനാഥനാണ് കണക്ക് ടീച്ചറായിരുന്ന ഗുര്‍ദിയാല്‍ സരൂപ് സൈനിയ്ക്ക് ബാങ്കിന്റെ ഇത്രയും മൂല്യമുള്ള ഓഹരികള്‍ സമ്മാനിച്ചത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ സഹായം നല്‍കിയ അധ്യാപകനെ ഉയര്‍ന്ന സ്ഥാനത്തെത്തിയിട്ടും അദ്ദേഹം മറന്നില്ല. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ അനുഭവക്കുറിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

തന്റെ ഗണിത അധ്യാപകനായിരുന്ന ഗുര്‍ദിയാല്‍ സരൂപ് സാനിക്കാണ് 30 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ലക്ഷം ഇക്വിറ്റി ഷെയറുകള്‍ വൈദ്യനാഥന്‍ നല്‍കിയത്. ബിറ്റ്‌സില്‍ പ്രവേശനം ലഭിച്ച വൈദ്യനാഥന് അഭിമുഖത്തിനും മറ്റ് പ്രവേശന നടപടികളും പൂര്‍ത്തിയാക്കാനായി പോകാന്‍ പണമില്ലാതിരുന്ന ഘട്ടത്തിലാണ് സരൂപ് സാനി സഹായിക്കുന്നത്. വൈദ്യനാഥന്‍ ബിറ്റ്‌സിലെ പഠനവും കരിയറും മികച്ച നിലയില്‍ കൊണ്ടുപോയി. എന്നാല്‍ ജോലി മാറി പോയ അധ്യാപകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സരൂപ് സാനി ആഗ്രയിലുണ്ടെന്ന് വൈദ്യനാഥന്‍ മനസിലാക്കുന്നത്.

കരിയറിന്റെ ആരംഭദിശയില്‍ തനിക്ക് നല്‍കിയ സഹായത്തിന് പ്രതിഫലമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡിന്റെ ഒരുലക്ഷം ഓഹരിയാണ് വൈദ്യനാഥന്‍ സരൂപ് സാനിയുടെ പേരിലേക്ക് മാറ്റിയത്. ബാങ്കിന്റേതായി താന്‍ സ്വന്തമാക്കിയിരുന്ന ഷെയറുകളില്‍ നിന്നാണ് വൈദ്യനാഥന്റെ ഗുരുദക്ഷിണ.

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ പ്രവേശനം ലഭിച്ച അദ്ദേഹത്തിന് അഭിമുഖത്തിനും കൗണ്‍സലിങിനും ഹാജരാകേണ്ടതുണ്ടായിരുന്നു. പണമില്ലാതിരുന്ന സാഹചര്യത്തിലാണ് അധ്യാപകന്‍ 500 രൂപ വൈദ്യനാഥന് നല്‍കിയത്. ബിറ്റ്സില്‍ പഠിച്ച അദ്ദേഹം തൊഴില്‍മേഖലിയില്‍ മികച്ച നിലയിലെത്തുകയും ചെയ്തു.

Author

Related Articles