News

വീഡിയോകോണിനെ ലിക്വിഡേറ്റ് ചെയ്‌തേക്കും; കടബാധ്യത 40,000 കോടി രൂപ

മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ ഇലക്ട്രോണിക് നിര്‍മാണക്കമ്പനിയായ വീഡിയോകോണിനെ ലിക്വിഡേറ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 40,000 കോടി രൂപയുടെ കടബാധ്യതയുള്ള വീഡിയോകോണ്‍ 2018 ജൂണില്‍ പാപ്പരത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു.

ജൂലായ് 29-ന് പാപ്പരത്ത നടപടികളുടെ പുരോഗതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന വായ്പാ സ്ഥാപനങ്ങളുടെ സമിതിയില്‍ ലിക്വിഡേഷനും വിഷയമായെന്നാണ് വിവരം. അടുത്ത യോഗത്തില്‍ ഇക്കാര്യം വോട്ടിനിട്ടേക്കുമെന്നും സൂചനയുണ്ട്.

കമ്പനിയെ ഏറ്റെടുക്കാന്‍ ആറോളം അപേക്ഷകളുണ്ടായിരുന്നെങ്കിലും കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇവര്‍ പിന്മാറുകയായിരുന്നു. പല കമ്പനികളും പണം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കല്‍ തീരുമാനം ഉപേക്ഷിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

അതേസമയം, ലിക്വിഡേഷനു പോയാല്‍ ബാങ്കുകള്‍ക്ക് വായ്പക്കുടിശ്ശികയുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് ലഭിക്കുകയെന്നാണ് വിലയിരുത്തല്‍. 2012-ല്‍ കമ്പനിക്കു ലഭിച്ച 2ജി ടെലികോം സ്‌പെക്ട്രം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീഡിയോകോണ്‍ പ്രതിസന്ധിയിലേക്കു നീങ്ങിയത്.

Author

Related Articles