News

ട്വിറ്ററിന്റെ സിഇഒയായി ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാള്‍; അറിയാം

ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാള്‍ സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സ്ഥാനമേറ്റു. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമിന്റെ തലപ്പത്ത് നിന്ന് 16 വര്‍ഷത്തിന് ശേഷമാണ് സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി പിന്‍മാറുന്നത്. ഐ.ഐ.ടി. ബോംബെ, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ അഗ്രവാള്‍ 2017 മുതല്‍ ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്നു. ഡോര്‍സിയുടെ വിശ്വസ്ഥനായാണ് അഗര്‍വാള്‍ അറിയപ്പെടുന്നത്.

2011 ലാണ് അഗ്രവാള്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറായി ട്വിറ്ററിലെത്തിയത്. പുതിയ സി.ഇ.ഒ. എത്തിയതോടെ ട്വിറ്റര്‍ ഓഹരികള്‍ ഇന്നലെ 10 ശതമാനത്തോളം നേട്ടം കൈവരിച്ചു. നിലവില്‍ രണ്ടു ഇന്ത്യന്‍ വംശജരാണ് ട്വിറ്റിന്റെ തന്ത്രപ്രധാന പദവികള്‍ വഹിക്കുന്നത്. ഇതോടെ ട്വിറ്റര്‍ ഇന്ത്യന്‍ ചിറകുകളിലായിരിക്കുകയാണ്. പോളിസി ആന്‍ഡ് സേഫ്റ്റി ലീഡ് ഡയറക്ടറായ വിജയ് ഗഡെ ആണ് രണ്ടാമത്തെ ഇന്ത്യന്‍ ശക്തി. പുതിയ പദവിയോടെ, ഐ.ബി.എം. സി.ഇ.ഒ. അരവിന്ദ് കൃഷ്ണ, ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദല്ലെ തുടങ്ങിയ ഇന്ത്യക്കാരുടെ നിലയിലേക്കും അഗ്രവാള്‍ വളര്‍ന്നു.

ട്വിറ്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ പിന്‍ഗാമിയെ കണ്ടെത്തുന്നതിന് കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിച്ചെന്നും ട്വിറ്റര്‍ ബോര്‍ഡിലേക്ക് അഗ്രവാളിനെ നിയമിക്കുന്നുവെന്നും ഡോര്‍സി തന്നെയാണു വ്യക്തമാക്കിയത്. കമ്പനിയെ പടുത്തുയര്‍ത്തുന്നതിനു സഹായിച്ച എല്ലാ നിര്‍ണായക തീരുമാനങ്ങള്‍ക്കും പിന്നില്‍ അഗ്രവാള്‍ ഉണ്ടായിരുന്നെന്നു ഡോര്‍സി ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. അഗ്രവാളിന്റെ സ്ഥാനാരോഹണത്തില്‍ എതിര്‍പ്പുകള്‍ ഒന്നും തന്നെ ഉയര്‍ന്നില്ലെന്നതും ശ്രദ്ധേയമാണ്.

അഗ്രവാള്‍ ജിജ്ഞാസയുള്ളവനും അന്വേഷിക്കുന്നവനും യുക്തിബോധമുള്ളവനും സര്‍ഗാത്മകതയുള്ളവനും ആവശ്യപ്പെടുന്നവനും സ്വയം അവബോധമുള്ളവനും വിനയമുള്ളവനുമാണ്. അവന്‍ ഹൃദയത്തോടും ആത്മാവോടും കൂടിയാണ് നയിക്കുന്നത്, ഞാന്‍ ദിവസവും അവനില്‍നിന്നു കാര്യങ്ങള്‍ പഠിക്കുന്നു. സി.ഇ.ഒ. എന്ന നിലയില്‍ അദ്ദേഹത്തിലുള്ള എന്റെ വിശ്വാസം ആഴത്തിലുള്ളതാണെന്നും ഡോര്‍സി പടിയിറക്കത്തിനു മുമ്പ് കുറിച്ചു.

ട്വിറ്ററിലെത്തും മുമ്പ് മൈക്രോസോഫ്റ്റ്, യാഹൂ, എ.ടി. ആന്‍ഡ് ടി ലാബ്സ് എന്നിവിടങ്ങളില്‍ അഗ്രവാള്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഫിസിഷ്യനും അനുബന്ധ ക്ലിനിക്കല്‍ പ്രഫസറുമായ വിനീത അഗ്രവാള്‍ ആണ് പരാഗിന്റെ ഭാര്യ. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് നിലവില്‍ ഇരുവരും താമസിക്കുന്നത്. അന്‍ഷ് അഗ്രവാള്‍ ആണ് മകന്‍. 1983ല്‍ ജനിച്ച പരാഗ് 37-ാം വയസിലാണ് ട്വിറ്ററിന്റെ തലപ്പത്ത് എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

Author

Related Articles