News

വികസനത്തിന് പണം വേണമെങ്കില്‍ ഇന്ത്യ സബ്‌സിഡികള്‍ കുറയ്ക്കണമെന്ന് ലോക വ്യാപാര സംഘടന

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിനു പണം വേണമെങ്കില്‍ ഇന്ത്യ സബ്‌സിഡികള്‍ കുറയ്ക്കണമെന്ന് ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ). ആഭ്യന്തര വിപണിയെ സംരക്ഷിക്കാനെന്നോണം താരിഫു നിരക്കുകളില്‍ ഇന്ത്യ ഇടയ്ക്കിടെ വരുത്തുന്ന മാറ്റങ്ങള്‍ വ്യാപാരികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇന്ത്യയുടെ വ്യാപാര നയ അവലോകനം ചെയ്തുള്ള റിപ്പോര്‍ട്ടില്‍ ഡബ്ല്യുടിഒ വ്യക്തമാക്കി. 2015-20 കാലയളവിലെ ഇന്ത്യയുടെ വ്യാപാര നയം സംബന്ധിച്ച ചര്‍ച്ച ജനീവയില്‍ ഇന്നു പൂര്‍ത്തിയാവും. കാര്‍ഷിക മേഖലയിലുള്‍പ്പെടെ ഇന്ത്യയുടെ ഇറക്കുമതി നയം ഉദാരമാക്കണമെന്നും അമിതമായ ഇറക്കുമതി തടയാനുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്നും പല വികസിത രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

2019ന്റെ ആദ്യ പകുതിവരെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശക്തമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക വളര്‍ച്ച പ്രതിശീര്‍ഷ വരുമാനവും ആയുര്‍ദൈര്‍ഘ്യവും മെച്ചപ്പെടാന്‍ സഹായിച്ചു. എന്നാല്‍, പിന്നീട് വളര്‍ച്ച ദുര്‍ബലമായി. ഉപഭോഗവും സ്വകാര്യ മുതല്‍മുടക്കും കുറഞ്ഞതാണ് പ്രധാന കാരണങ്ങള്‍. സബ്‌സിഡി കുറയ്ക്കണമെന്നു വാദിക്കുമ്പോള്‍, കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില, കര്‍ഷകര്‍ക്ക് നേരിട്ടുള്ള ധനസഹായം, ഭക്ഷ്യ ഭദ്രത നിയമപ്രകാരമുള്ള സബ്‌സിഡി തുടങ്ങിയവയാണ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത്. വിവാദമായിരുക്കുന്ന കാര്‍ഷിക നിയമങ്ങളിലൂടെയുള്ള നടപടികള്‍ വിപണന മേഖല കൂടുതല്‍ ഉദാരമാക്കുമെന്നാണ് വിലയിരുത്തല്‍.

വാണിജ്യ മന്ത്രാലയ സെക്രട്ടറി ഡോ.അനൂപ് വാധ്വാനാണ് ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. വാക്‌സീന്‍, പരിശോധനാ സംവിധാനങ്ങള്‍, മരുന്നുകള്‍, പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവയുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ (ഐപിആര്‍) വ്യവസ്ഥകള്‍ ഡബ്ല്യുടിഒ മരവിപ്പിക്കണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം ഡോ.വാധ്വാന്‍ എടുത്തു പറഞ്ഞു. ഇതിനു മുന്‍പ് 2015ലാണ് ഇന്ത്യയുടെ വ്യാപാര നയം ഡബ്ല്യുടിഒ അവകലോകനം ചെയ്തത്.

Author

Related Articles