Banking

യെസ് ബാങ്കിന്റെ എടിഎമ്മുകളും നെറ്റ്ബാങ്കിംഗ് സേവനങ്ങളും ഇന്ന് രണ്ടര മണിക്കൂര്‍ നിശ്ചലമാകും; സേവനങ്ങള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി നടപടി; വൈകുന്നേരം 6 മണി മുതല്‍ പ്രവര്‍ത്തനം സാധാരണനിലയിലാകും; യെസ് ബാങ്ക് മടങ്ങി വരുന്നു

ന്യൂഡല്‍ഹി: യെസ് ബാങ്കിന്റെ സേവനങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3:30 മുതല്‍ 6 മണി വരെ സ്തംഭിക്കുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. യെസ് ബാങ്കിന്റെ എടിഎമ്മുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, യുപിഐ, നെറ്റ്ബാങ്കിംഗ് അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് കഴിയില്ല. ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണി കാരണം ബാങ്കിന്റെ ഇടപാടുകള്‍ 2.5 മണിക്കൂര്‍ പ്രവര്‍ത്തനരഹിതമായിരിക്കുമെന്ന് യെസ് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു. യെസ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പരമാവധി പിന്‍വലിക്കാവുന്ന രൂപയുടെ പരിധി 50,000 ആക്കി നിജപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍, മൊറട്ടോറിയം നീക്കം ചെയുകയും ചെയ്തിരുന്നു. അതേസമയം മുഴുവന്‍ ബാങ്കിംഗ് സേവനങ്ങളും ഇന്ന് വൈകുന്നേരം 6 മണി മുതല്‍ പുനരാരംഭിക്കും.  

ഞങ്ങളുടെ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നതിനായി 2020 മാര്‍ച്ച് 18 ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3:30 മുതല്‍ 5:59 വരെ ഞങ്ങളുടെ സിസ്റ്റങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയാണ്. ഷെഡ്യൂള്‍ ചെയ്ത ഈ പ്രവര്‍ത്തനരഹിതമായ സമയത്ത്, ഉപഭോക്താക്കള്‍ക്ക് യെസ് ബാങ്ക് എടിഎം, ഡെബിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ്ബാങ്കിംഗ്, യെസ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയില്ല. 2020 മാര്‍ച്ച് 18 ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഞങ്ങള്‍ മുഴുവന്‍ ബാങ്കിംഗ് സേവനങ്ങളും പുനരാരംഭിക്കും എന്നും യെസ് ബാങ്ക് പറഞ്ഞു. ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം എടിഎമ്മുകളിലും ബ്രാഞ്ചുകളിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണം ഉണ്ടെന്ന് യെസ് ബാങ്ക് അഡ്മിനിസ്‌ട്രേറ്ററും സിഇഒ-നിയുക്തനുമായ പ്രശാന്ത് കുമാര്‍ ഇന്നലെ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇന്ന് വൈകുന്നേരം മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ സാധാരണമാക്കും. നിക്ഷേപകരുടെ തിരക്ക് കൂടുതലാണെങ്കില്‍ വാരാന്ത്യങ്ങളിലും ബാങ്ക് ശാഖകള്‍ തുറന്നിരിക്കുമെന്നും കുമാര്‍ പറഞ്ഞു.

ബാങ്ക് നിക്ഷേപം തികച്ചും സുരക്ഷിതമാണെന്നും വിഷമിക്കേണ്ട കാരണമൊന്നുമില്ലാത്തതിനാല്‍ പരിഭ്രാന്തരായി ഫണ്ട് പിന്‍വലിക്കരുതെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഉപഭോക്താക്കള്‍ക്കളോട് പറഞ്ഞു. മൊറട്ടോറിയം എടുത്തുകളഞ്ഞതിന് ശേഷം യെസ് ബാങ്ക് കനത്ത പിന്‍വലിക്കല്‍ കാണാനിടയുണ്ടെന്ന് എംകെ ആല്‍ഫ പോര്‍ട്ട്ഫോളിയോയുടെ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് പറയുന്നു. ദുരിതത്തിലായ നിരവധി റീട്ടെയില്‍ ഉപഭോക്താക്കള്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ആദ്യ അവസരത്തിനായി കാത്തിരിക്കുകയാണ് എന്നും വിവരമുണ്ട്.

Author

Related Articles