News

സീ-സോണി ലയനത്തിന് അംഗീകാരം; 50 ശതമാനം ഓഹരി സോണിക്ക്

ന്യൂഡല്‍ഹി: സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യയും സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസും തമ്മിലുള്ള ലയനത്തിന് അംഗീകാരം. സീ എന്റര്‍ടെയിന്‍മെന്റാണ് ഓഹരി വിപണിയില്‍ ഇക്കാര്യം അറിയിച്ചത്. സോണിയായിരിക്കും കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശം വെക്കുക. 50.86 ശതമാനം ഓഹരിയാവും സോണിക്കുണ്ടാവുക. സീയുടെ പ്രൊമോട്ടര്‍മാര്‍ക്ക് 3.99 ശതമാനം ഓഹരി ലഭ്യമാകും. സീയുടെ ഓഹരി ഉടമകളുടെ കൈവശം 45.15 ശതമാനം ഓഹരികളുമുണ്ടാവും.

ടെലിവിഷന്‍ ചാനല്‍, ഫിലിം അസറ്റ്, സ്ട്രീമിങ് പ്ലാറ്റ്‌ഫോം എന്നിവയെല്ലാം കൈമാറും. ഇരു കമ്പനികളും ലയിച്ചുണ്ടാക്കുന്ന പുതിയ സ്ഥാപനം സോണി മാക്‌സ്, സീ ടി.വി എന്നിവ ചാനലുകളും സീ 5, സോണി ലിവ് എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും പുതിയ സ്ഥാപനമായിരിക്കും കൈകാര്യം ചെയ്യുക. പുനീത് ഗോയങ്ക മാനേജിങ് ഡയറക്ടറായും സി.ഇ.ഒയായും തുടരും. പുതിയ കമ്പനിയിലെ ബോര്‍ഡ് ഡയറക്ടര്‍മാരില്‍ ഭൂരിപക്ഷത്തേയും നിര്‍ദേശിക്കുക സോണിയായിരിക്കും. സെപ്റ്റംബര്‍ 22നാണ് ഇരു കമ്പനികളും ലയിക്കാന്‍ തീരുമാനിച്ചത്.

ലയനത്തോടെ സോണിക്ക് ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ അവസരമൊരുങ്ങും. 190 രാജ്യങ്ങള്‍, 10 ഭാഷകള്‍, 100 ലധികം ചാനലുകള്‍ എന്നിവയിലേക്ക് എത്താന്‍ സീക്ക് സാധിക്കും. 19% മാര്‍ക്കറ്റ് ഷെയറാണ് സീക്ക് ഇന്ത്യയില്‍ ഉള്ളത്. സോണിയുമായുള്ള സഹകരണം വഴി സീ5ന് ഡിജിറ്റര്‍ കണ്ടന്റ് ശൃംഖലയും വിപുലീകരിക്കാന്‍ കഴിയും. സോണിക്ക് ഇന്ത്യയില്‍ 31 ചാനലുകളും ഒമ്പത് ശതമാനം മാര്‍ക്കറ്റ് ഷെയറുണ്ട്.

Author

Related Articles