News

വിവാദങ്ങൾക്കിടയിലും കുതിച്ചുയർന്ന് സൂം ആപ്പ്; ഉപയോക്താക്കള്‍ 300 ദശലക്ഷം കടന്നു

ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും സൂം വീഡിയോ കമ്യൂണിക്കേഷന്റെ വളര്‍ച്ചയില്‍ കുതിപ്പ് തുടരുന്നു. 300 ദശലക്ഷം പേരാണ് നിലവില്‍ സൂം ആപ്പ് ഉപയോഗിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കിടെ ഉപയോഗത്തില്‍ 50 ശതമാനം വളര്‍ച്ചയാണ് ഓണ്‍ലൈന്‍ മീറ്റിംഗ് ആപ്ലിക്കേഷനായ സൂം നേടിയിരിക്കുന്നത്.

ഏപ്രില്‍ മാസം ഒന്നാം തിയതി 200 ദശലക്ഷം ഉപയോക്താക്കളിലേക്ക് ഉയര്‍ന്ന ആപ്പ് 21ാം തിയതി എത്തിയപ്പോഴേക്കും 300 ദശലക്ഷത്തിലേക്ക് ഉയര്‍ന്നതായി സൂം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എറിക് യുവാന്‍ പറഞ്ഞു. അടുത്തിടെ സൂം ആപ്പില്‍ വ്യക്തിഗത ഡാറ്റയുടെ സുരക്ഷ സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഏതാനും കമ്പനികളും സ്‌കൂളുകളും ആപ്പ് ഉപയോഗത്തില്‍ നിന്നും പിന്‍മാറിയിരുന്നു. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പായിരുന്നു സൂം. കോവിഡിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ കമ്പനി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും സൂമിനെയാണ്. നിലവില്‍ വിപണിയില്‍ പത്ത് പേരില്‍ കൂടുതല്‍ ഒരു കോളില്‍ ചേരാന്‍ അനുവദിക്കുന്ന ഒരേയൊരു ആപ്പാണിത്. ഈ മാസം ആദ്യ ആഴ്ചയില്‍ തന്നെ പ്ലേസ്റ്റോറില്‍ 50 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ സൂം നേടിക്കഴിഞ്ഞിരുന്നു.

സംരംഭകര്‍, ആശുപത്രികള്‍, അധ്യാപകര്‍, വിവിധ കമ്പനികള്‍ എന്നിവരെല്ലാം സൂം ആപ്പിന്റെ ഉപയോക്താക്കളായി മാറി. ജനപ്രീതിയാര്‍ജ്ജിച്ചതോടെ സൂമിന്റെ ഓഹരി വില ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് 150. 25 ഡോളറിലെത്തി. ഈ വര്‍ഷം ഇതുവരെ ഓഹരി വിലയില്‍ ഇരട്ടി വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. പ്രധാനമായും ബിസിനസ് കമ്യൂണിക്കേഷന്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവയ്ക്കായാണ് ആപ്പ് ഉയപയോഗിച്ചു വരുന്നത്. സൂമിലെ വ്യക്തിഗത ഡാറ്റ ഫേസ്ബുക്കുമായി പങ്കിടുന്നുതായി ആരോപണം ഉയര്‍ന്നിരുന്നു. സ്വകാര്യ ഡാറ്റ പങ്കിടുന്നത് തടയാന്‍ സൂം ഒരു അപ്‌ഡേറ്റ് നല്‍കിയിട്ടുണ്ട്. സുരക്ഷാ ക്രമക്കേടുകളെല്ലാം പരിഹരിച്ച് സൂമിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഒരാഴ്ചയ്ക്കകം പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി ബ്ലോഗ് പോസ്റ്റില്‍ കുറിച്ചിരുന്നു.

Author

Related Articles