
ഏഷ്യാ പസഫിക് മേഖലയിലെ രാജ്യങ്ങളില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ 15 ബാങ്ക് ഓഹരികളില്‍ 10 എണ്ണവും ഇന്ത്യയില്‍ നിന്ന്. എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് നടത്തിയ പഠനത്തിലാണിത്. സെപ്തംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍, ഈ പത്ത് ഓഹരികളും ഇരട്ടയക്ക നെഗറ്റീവ് ഫലമാണ് നല്‍കിയത്. 48.63 ശതമാനം ഇടിവ് രേഖപ്പെടുത്തിയ യെസ് ബാങ്കാണ് ലിസ്റ്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ഓഹരി. കോവിഡ് 19 ഉണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് പുറമേ ബാങ്കുമായി ബന്ധപ്പെട്ട അഴിമതിയും വിലിയിടിവിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ബംഗ്ളാദേശ്, പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചെറിയ ബാങ്കുകള്‍ മികച്ച പ്രകടനം നടത്തിയവയുടെ പട്ടികയിലിടം നേടുകയും ചെയ്തു. 28.54 ശതമാനം ഇടിവ് നേരിട്ട പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കാണ് മോശം പ്രകടനത്തില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (24.57 ശതമാനം ഇടിവ്), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (23.39 ശതമാനം), ഐഡിബിഐ (20.66 ശതമാനം), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (20.14 ശതമാനം), പഞ്ചാബ് നാഷണല്‍ ബാങ്ക് (17.84 ശതമാനം), ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് (17.82 ശതമാനം), യുകോ ബാങ്ക് (17.76 ശതമാനം), ബാങ്ക് ഓഫ് ഇന്ത്യ (16.77) എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റു ഇന്ത്യന്‍ ബാങ്കുകള്‍.
കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഏഷ്യ പസഫിക് മേഖലയിലെ 20 വന്‍കിട ബാങ്കുകളില്‍ 16 എണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ കുറവുണ്ടായതായി എസ്ആന്‍ഡ്പി മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമം, ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയ ബാങ്ക് ഓഹരികളില്‍ ഒരു ഇന്ത്യന്‍ ബാങ്കും ഇടം നേടിയില്ല.