
ഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന വേളയിലാണ് സംരംഭങ്ങള്‍ അടക്കമുള്ള മേഖലയ്ക്ക് തിരിച്ചടി നേരിടുന്നത്. ഈ വേളയിലാണ് രാജ്യത്തെ മൈക്രോ, ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) പണ ലഭ്യത സംബന്ധിച്ച് പ്രശ്‌നങ്ങള്‍ നേരിടുന്നത്. എന്നാല്‍ പുതുക്കിയ ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റല്‍ സ്ബ്‌സിഡി സ്‌കീം (സിഎല്‍സിഎസ്എസ്) വഴി ഇതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഇത് നടപ്പാക്കുന്നതോടെ രാജ്യത്തെ 51 മേഖലയിലെ ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കാണ് 15 ശതമാനം മുന്‍കൂര്‍ സബ്‌സിഡി നല്‍കുന്നത്. ഇതോടെ ഒരു കോടി വരെ സ്ഥാപന വായ്പ ലഭിക്കുമെന്നാണ് വിവരം. രാജ്യത്തെ ചെറുകിട സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ മാര്‍ഗങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച യു.കെ സിന്‍ഹ കമ്മറ്റി ഏതാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ഇത് സംബന്ധിച്ച് ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എംഎസ്എംഇയുടെ ചുമതലയുള്ള മന്ത്രി നിതിന്‍ ഗഡ്ക്കരി അറിയിച്ചു.
സിഎല്‍സിഎസ്എസ് പദ്ധതി അവതരിപ്പിക്കവേയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ എംഎസ്എംഇ മേഖലയില്‍ നിന്നും 29 ശതമാനം സംഭാവനയണുള്ളതെന്നും ഇത് 50 ശതമാനായി ഉയര്‍ത്താന്‍ നിലവിലെ പദ്ധതി സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതി 40 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കാനും ലക്ഷ്യമുണ്ട്.
സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി സിഎല്‍സിഎസ്എസ് പദ്ധതിക്കായി 2,900 കോടി രൂപ അനുവദിച്ചു. സബ്സിഡി വിതരണ ഇനത്തിലെ വാര്‍ഷിക ചെലവുകള്‍ക്ക് പരിധിയുണ്ടാകില്ല. പുതുക്കിയ പദ്ധതിയില്‍ എസ്സി-എസ്ടി സംരംഭകര്‍ക്ക് 10 ശതമാനം അധിക സബ്‌സിഡിയുണ്ട്. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റയിനത്തിലുള്ള തുകകള്‍ കിട്ടാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍ദ്ദേശം നല്‍കാന്‍ എംഎസ്എംഇ സെക്രട്ടറി അധ്യക്ഷനായുള്ള സമിതി രൂപീകരിക്കുമെന്നും ഗഡ്കരി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ 48,000 കോടിയിലധികം രൂപ എംഎസ്എംഇകള്‍ക്കു നല്‍കാനുള്ളതായി ധനമന്ത്രാലയം കണക്കാക്കുന്നു. പൊതു മേഖലാ സ്ഥാപനങ്ങളിലേക്കുള്ള സപ്ളൈയുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി തുക ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ ബില്‍ ഡിസ്‌കൗണ്ടിംഗ് പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ നടപ്പാക്കുമെന്നു ഗഡ്കരി അറിയിച്ചു.