സാങ്കേതിക തകരാര്‍: ഥാര്‍ തിരിച്ചു വിളിക്കാന്‍ ഒരുങ്ങുന്നു

February 05, 2021 |
|
News

                  സാങ്കേതിക തകരാര്‍: ഥാര്‍ തിരിച്ചു വിളിക്കാന്‍ ഒരുങ്ങുന്നു

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനപ്രിയ മോഡല്‍ ഥാര്‍ തിരിച്ചു വിളിച്ചു പരിശോധിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാംഷാഫ്റ്റ് നിര്‍മാണത്തില്‍ പിഴവ് സംശയിച്ച് അടുത്തയിടെ വില്‍പ്പനയ്‌ക്കെത്തിച്ച ആയിരത്തിലധികം വാഹനങ്ങളെയാണ് തിരികെ വിളിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡീസല്‍ എഞ്ചിനുള്ള 1577 വാഹനങ്ങളിലാണ് തകരാര്‍ സംശയിക്കുന്നത്.

2020 സെപ്റ്റംബര്‍ ഏഴിനും ഡിസംബര്‍ 25നുമിടയ്ക്കു നിര്‍മിച്ചതും ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചതുമായ ഥാറിനാണു പരിശോധന ആവശ്യമെന്നാണ് രിപ്പോര്‍ട്ടുകള്‍. ഇക്കാലത്തിനിടെ നിര്‍മിച്ചു വിറ്റ 1,577 വാഹനങ്ങള്‍ തിരിച്ചുവിളിച്ചു പരിശോധിക്കാനും തകരാര്‍ കണ്ടെത്തുന്ന പക്ഷം കാംഷാഫ്റ്റ് സൗജന്യമായി മാറ്റി നല്‍കാനുമാണു കമ്പനിയുടെ പദ്ധതി.

യന്ത്രഘടകം നിര്‍മിച്ചു നല്‍കിയ സപ്ലയറുടെ ശാലയില്‍ സംഭവിച്ച പിഴവാണു മഹീന്ദ്ര കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനും ഡിസംബര്‍ 25നുമിടയ്ക്കു സപ്ലയറുടെ ശാലയിലെ യന്ത്രത്തിന്റെ ക്രമീകരണത്തിലെ തകരാര്‍ മൂലം ഡീസല്‍ എന്‍ജിനുള്ള ഥാറില്‍ ഘടിപ്പിച്ച കാംഷാഫ്റ്റിനു തകരാര്‍ സംഭവിച്ചിരിക്കാമെന്നാണു മഹീന്ദ്രയുടെ സംശയം.

പരിശോധിക്കുന്ന വാഹനങ്ങളില്‍ കാംഷാഫ്റ്റിനു തകരാര്‍ കണ്ടെത്തുന്ന പക്ഷം ഈ ഭാഗം സൗജന്യമായി മാറ്റി നല്‍കുകയും ചെയ്യും. പരിശോധന ആവശ്യമുള്ള 'ഥാര്‍' ഉടമകളെ നേരിട്ടു വിവരം അറിയിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു പരാതികളൊന്നും ഉയര്‍ന്നിട്ടില്ലെങ്കിലും നിര്‍മാണ തകരാര്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ വാഹനങ്ങള്‍ സ്വയം തിരിച്ചു വിളിച്ചു പരിശോധിക്കാനാണു മഹീന്ദ്രയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹന ഉടമസ്ഥര്‍ക്ക് അസൗകര്യങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കുന്നു.

Read more topics: # ഥാര്‍, # thar,

Related Articles

© 2025 Financial Views. All Rights Reserved