
കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതായി സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുന്‍നിരക്കാരായ എഫ്ഐഎസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ 68 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ ഇടപാടുകള്‍ നടത്താനായി ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കുന്നു.
ഇപ്പോള്‍ വാങ്ങി പിന്നീടു പണം നല്‍കുന്ന സേവനത്തിനായുള്ള ആപ്പുകള്‍ 32 ശതമാനം പേരും ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം ഒപ്പം സാമ്പത്തിക തട്ടിപ്പുകളും സംഭവിക്കുന്നുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിന്റെ പുതിയ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എഫ്ഐഎസ്, എപിഎംഇഎ, ചീഫ് റിസ്‌ക് ഓഫീസര്‍, ഭരത് പഞ്ചാല്‍ പറഞ്ഞു. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുന്‍ഗണനകള്‍ക്ക് അനുസൃതമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ നടത്താന്‍ ബാങ്കിങ് മേഖലയും പര്യാപ്തമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.