
ന്യൂഡല്‍ഹി: കോവിഡ് -19 രോഗികളെ കണ്ടെത്തുന്നതിനായി വികസിപ്പിച്ചെടുത്ത സര്‍ക്കാര്‍ ആപ്ലിക്കേഷനായ ആരോഗ്യ സേതു ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആരോഗ്യ സംരക്ഷണ ആപ്ലിക്കേഷനായി മാറി. ഒപ്പം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ലോകത്തെ മികച്ച 10 ആപ്ലിക്കേഷനുകളില്‍ ഇടം നേടിയ ഒന്നായും ഏപ്രില്‍ മാസത്തില്‍ ഈ ആപ്പ് മാറിയതായി നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
ഒന്‍പത് കോടിയിലധികം ഉപയോക്താക്കള്‍ മെയ് 4 വരെ ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. കോവിഡ് -19 നെതിരെ പോരാടാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ഇത് ഉപയോഗിക്കണമെന്ന് കേന്ദ്രം നിര്‍ബന്ധമാക്കിയിരുന്നു. അവിശ്വസനീയമാണ്! കോവിഡ് -19 നെ നേരിടാന്‍ സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ലോകത്തെ നയിക്കുന്നു എന്ന് അമിതാഭ് കാന്ത് ഒരു ട്വീറ്റില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 14 ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു, ഇത് കൊറോണ സംശയിക്കപ്പെടുന്നവരോ പോസിറ്റീവ് ആയ ആളുകളോ സമീപത്ത് വരുന്നെങ്കില്‍ അത് ആളുകളെ അറിയിക്കുന്നു. നിതി ആയോഗിന്റെയും ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെയും സജീവ പങ്കാളിത്തത്തോടെ പ്രധാനമന്ത്രിയുടെ ഓഫീസ് രൂപീകരിച്ച സമിതിക്ക് കീഴിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.