വിദേശ ഉടമസ്ഥാവകാശം സാധ്യമായ പ്രവര്‍ത്തന മേഖലകള്‍ പ്രഖ്യാപിച്ച് അബുദാബി

May 22, 2021 |
|
News

                  വിദേശ ഉടമസ്ഥാവകാശം സാധ്യമായ പ്രവര്‍ത്തന മേഖലകള്‍ പ്രഖ്യാപിച്ച് അബുദാബി

അബുദാബി: വിദേശ ഉടമസ്ഥാവകാശം സാധ്യമായ പ്രവര്‍ത്തന മേഖലകള്‍ പ്രഖ്യാപിച്ച് അബുദാബിയിലെ സാമ്പത്തിക വികസന വകുപ്പ്. രജിസ്റ്റര്‍ ചെയ്ത1,105 പ്രവര്‍ത്തന മേഖലകളിലാണ് വിദേശീയര്‍ക്ക് ഉടമസ്ഥാവകാശത്തിന് അവസരം. ഇതോടെ അബുദാബിയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വാണിജ്യ കമ്പനികളില്‍ സമ്പൂര്‍ണമോ ഭാഗികമോ ആയ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ വിദേശീയര്‍ക്ക് അവസരമൊരുങ്ങും. നിര്‍മാണം മുതല്‍ ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നത് വരെയും ഫോട്ടോഗ്രാഫി മുതല്‍ മൃഗശാല നടത്തിപ്പ് വരെയും ആയിരത്തിലധികം പ്രവര്‍ത്തന മേഖലകളാണ് വിദേശീയര്‍ക്ക് മുമ്പില്‍ അബുദാബി തുറന്ന് കൊടുത്തിരിക്കുന്നത്.

നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനും മത്സരക്ഷമതയുള്ള ബിസിനസ് അന്തരീക്ഷം എമിറേറ്റില്‍ ഒരുക്കാനുമുള്ള അബുദാബി സര്‍ക്കാരിന്റെ താല്‍പ്പര്യമാണ് പുതിയ പ്രഖ്യാപനങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറഫ പറഞ്ഞു. അബുദാബിയിലെ സ്വകാര്യമേഖലയ്ക്ക് ഇളവുകള്‍ ലഭ്യമാക്കാനും ആഗോള നിക്ഷേപക ഭൂപടത്തില്‍ അബുദാബിയുടെ നില മെച്ചപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ നിരവധി തീരുമാനങ്ങളിലും പദ്ധതികളിലും ഒന്ന് മാത്രമാണിതെന്നും അദ്ദേഹം അറിയിച്ചു.   

മന്ത്രിസഭ കൗണ്‍സിലാണ് വിദേശ ഉടമസ്ഥാവകാശത്തിനായി തുറന്ന് കൊടുക്കേണ്ട പ്രവര്‍ത്തനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. അവയുണ്ടാക്കാന്‍ പോകുന്ന മാറ്റം കണക്കിലെടുത്താണ് പ്രവര്‍ത്തനങ്ങളെ നിശ്ചയിച്ചത്. നിലവില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കമ്പനികള്‍ക്ക് ഉടമസ്ഥാവകാശത്തില്‍ മാറ്റം കൊണ്ടുവരാനുള്ള അവസരമുണ്ടാകും.

Read more topics: # Abu Dhabi, # അബുദാബി,

Related Articles

© 2025 Financial Views. All Rights Reserved