
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നേടിയ മൊത്തലാഭം 219 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഉണ്ടാക്കിയ മൊത്ത ലാഭം 22 കോടി രൂപയായിരുന്നു. അതായത്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ലാഭം പത്ത് മടങ്ങോളം വര്‍ദ്ധിച്ചു.
2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനത്തിലും കുതിപ്പുണ്ടായിട്ടുണ്ട്. 1,079 കോടി രൂപയാണ് മൊത്തവരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 878 കോടി രൂപയായിരുന്നു. വരുമാനത്തിലെ വര്‍ദ്ധന 20 ശതമാനത്തിന് മുകളില്‍ ആണ്.
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്ന കമ്പനി രൂപീകൃതമായിട്ട് വെറും ആറ് വര്‍ഷമേ ആയിട്ടുള്ളു. ആ ചുരുങ്ങിയ കാലയളവിലാണ് ഇത്രയും നേട്ടമുണ്ടാക്കിയിരിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ടാണ് ലാഭത്തില്‍ ഇത്രയും പുരോഗതി സൃഷ്ടിക്കാന്‍ ആയത്. ലോകത്തിലെ തന്നെ മുന്‍നിര ഗ്രീന്‍ എനര്‍ജി കമ്പനികളില്‍ അദാനി ഗ്രീന്‍ എനര്‍ജി മാറിയിരിക്കുകയാണ്.
2030 ആകുമ്പോള്‍ ലോകത്തിലെ തന്ന ഏറ്റവും വലിയ റിന്യൂവബിള്‍ എനര്‍ജി കമ്പനിയാവുക എന്നതാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് ഗൗതം അദാനി പറയുന്നു. എസ്ബി എനര്‍ജി ഏറ്റെടുത്തതാണ് തങ്ങള്‍ക്ക് ഇപ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായകമായത് എന്നും അദാനി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലോകത്തിലെ ഒന്നാം നിര സോളാര്‍ ഊര്‍ജ്ജ ഉത്പാദകരാണ് അദാനി ഗ്രീന്‍ എനര്‍ജി.
വൈദ്യുതി വില്‍പനയിലും വലിയ നേട്ടമാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. ജൂണ്‍ പാദത്തില്‍ മൊത്തം വിറ്റത് 2,054 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 1,385 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഏതാണ്ട് അമ്പത് ശതമാനത്തിന്റെ വര്‍ദ്ധനയാണ് വൈദ്യുതി വില്‍പനയില്‍ ഒരു വര്‍ഷം കൊണ്ട് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സാധ്യമാക്കിയത്.
സോളാര്‍ വൈദ്യുതി ഉത്പാദനത്തില്‍ മാത്രമല്ല, കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലും കമ്പനി മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. മികച്ച സാങ്കേതിക വിദ്യകളുടെ ഉപയോഗവും തുടര്‍ച്ചയായി നടത്തുന്ന ശേഷിവര്‍ദ്ധിപ്പിക്കല്‍ പ്രവര്‍ത്തനവും കമ്പനിയുടെ സ്ഥിരതയുള്ള ഓപ്പറേഷണല്‍ പെര്‍ഫോര്‍മന്‍സിന് സഹായകമായി എന്നാണ് വിലയിരുത്തല്‍. കൊവിഡ് കാലത്തും ഈ വളര്‍ച്ച സാധ്യമാക്കിയത് നിസ്സാര കാര്യമല്ല.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ആണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ആസ്ഥാനം. ഇവരുടെ കീഴിലുള്ള കമുതി സോളാര്‍ പവര്‍ പ്രോജക്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ ഫോട്ടോവോള്‍ട്ടിക് പ്ലാന്റുകളില്‍ ഒന്നാണ്. 2015 ജനുവരി 23 ന് ആണ് കമ്പനി സ്ഥാപിതമായത്. തുടക്കത്തില്‍ ഇനോക്സ് വിന്‍ഡുമായി ചേര്‍ന്ന് കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ ആയിരുന്നു നടപ്പിലാക്കിയത്. 2017 ല്‍ ആണ് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുമായി കൈകോര്‍ത്താണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍. കാറ്റാടി പാടങ്ങളും സോളാര്‍ പാടങ്ങളും വികസിപ്പിക്കുകും നിര്‍മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്ഇസിഐ), നാഷണല്‍ തെര്‍മന്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) തുടങ്ങിയവയും പല സംസ്ഥാന വൈദ്യുതി ബോര്‍ഡുകളും അദാനി ഗ്രീന്‍ എനര്‍ജിയുടെ ഉപഭോക്താക്കളാണ്.