
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതിക്കുള്ള കരാര്‍ അദാനി ഗ്രൂപ്പിന്റെ അദാനി ഗ്രീന്‍ എനര്‍ജിക്ക് ലഭിച്ചു. 8 എട്ട് ഗിഗാവാട്ട് ഊര്‍ജ്ജ പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ 45000 കോടിയുടേതാണെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ് പറയുന്നു. ഓര്‍ഡറിന്റെ ഭാഗമായി, അദാനി സോളാര്‍ 2 ജിഗാവാട്ട് സോളാര്‍ സെല്ലും മൊഡ്യൂള്‍ നിര്‍മ്മാണ ശേഷിയും സ്ഥാപിക്കും.
സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെന്ന പൊതുമേഖലാ സ്ഥാപനമാണ് കരാര്‍ നല്‍കിയത്. അദാനി എനര്‍ജി തദ്ദേശീയമായി സോളാര്‍ പാനല്‍ നിര്‍മ്മിക്കാനുള്ള പ്ലാന്റും എട്ട് ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയും സ്ഥാപിക്കും. കരാര്‍ പ്രകാരം അദാനി ഗ്രീന് 15 ജിഗാവാട്ട് ശേഷി പ്രവര്‍ത്തനത്തിലോ നിര്‍മ്മാണത്തിലോ കരാര്‍ പ്രകാരമോ ഉണ്ടായിരിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ 1.12 ട്രില്യണ്‍ ഡോളര്‍ അഥവാ 15 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ 2025 ഓടെ 25 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം സ്ഥാപിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു.
പ്ലാന്റില്‍ നിന്ന് ഒരു കിലോവാട്ട് വൈദ്യുതിക്ക് 2.92 രൂപ 25 വര്‍ഷത്തേക്ക് അദാനി ഗ്രീന്‍ എനര്‍ജിക്ക് നേടാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടായിരിക്കും പ്ലാന്റുകള്‍ സ്ഥാപിക്കുക. 2022 ഓടെ സോളാര്‍ പാനല്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കും. 2025 ഓടെ ലോകത്തെ ഏറ്റവും വലിയ റിന്യൂവബിള്‍ എനര്‍ജി കമ്പനിയാവുക എന്ന ലക്ഷ്യത്തിലേക്ക് ഇതോടെ കൂടുതല്‍ അടുക്കാന്‍ അദാനി ഗ്രൂപ്പിന് സാധിക്കും.