റിലയന്‍സ് ക്യാപിറ്റലിനെ സ്വന്തമാക്കാന്‍ അദാനി ഉള്‍പ്പെടെ 14 സ്ഥാപനങ്ങള്‍ക്ക് താല്‍പ്പര്യം

March 14, 2022 |
|
News

                  റിലയന്‍സ് ക്യാപിറ്റലിനെ സ്വന്തമാക്കാന്‍ അദാനി ഉള്‍പ്പെടെ 14 സ്ഥാപനങ്ങള്‍ക്ക് താല്‍പ്പര്യം

ന്യൂഡല്‍ഹി: കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റല്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച 14 പ്രമുഖ സ്ഥാപനങ്ങളില്‍ അദാനി ഫിന്‍സെര്‍വ്, കെകെആര്‍, പിരമല്‍ ഫിനാന്‍സ്, പൂനാവാല ഫിനാന്‍സ് എന്നിവയും. ലേലത്തില്‍ പങ്കെടുക്കുന്നതിന് കമ്പനികള്‍ ബിഡ് നല്‍കുന്നതിനുള്ള അവസാന തിയതി റിസര്‍വ് ബാങ്ക് നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്. മാര്‍ച്ച് 11 വരെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

ഇടപാടിലെ വീഴ്ചകളും, ഗുരുതരമായ ഭരണ പ്രശ്‌നങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ (ആര്‍സിഎല്‍) ബോര്‍ഡിനെ റിസര്‍വ് ബാങ്ക് അസാധുവാക്കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ പാപ്പരത്വ നടപടികള്‍ നേരിടുന്ന മൂന്നാമത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് റിലയന്‍സ് കാപിറ്റല്‍. ശ്രേയ് ഗ്രൂപ്പ് എന്‍ബിഎഫ്‌സിയും, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനുമായിരുന്നു (ഡിഎച്ച്എഫ്എല്‍) മറ്റ് രണ്ട് കമ്പനികള്‍. ബിഡ് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കൂടുതല്‍ കമ്പനികള്‍ മുന്നോട്ട് വന്നതോടെയാണ് സമയ പരിധി പുനക്രമീകരിച്ചത്.

ആര്‍പ് വുഡ്, വാര്‍ഡേ പാട്ണേഴ്സ്, മള്‍ട്ടിപ്പിള്‍സ് ഫണ്ട്, നിപ്പണ്‍ ലൈഫ്, ജെസി ഫ്ളവേഴ്സ്, ബ്രുക്ക്ഫീല്‍ഡ്, ഓക്ട്രീ, അപ്പോളോ ഗ്ലോബല്‍, ബ്ലാക്സ്റ്റോണ്‍, ഹീറോ ഫിന്‍കോര്‍പ് എന്നിവയാണ് റിലയന്‍സ് കാപിറ്റലിനായി ഈ മാസം മുന്നോട്ട് വന്നത്. ബിഡര്‍മാര്‍ക്ക് രണ്ട് ഓപ്ഷനുകളുണ്ട്. ഒന്നുകില്‍ അവര്‍ക്ക് റിലയന്‍സ് കാപിറ്റലിനെ മുഴുവനായി ഏറ്റെടുക്കാം, അല്ലെങ്കില്‍ കമ്പനിയുടെ എട്ട് അനുബന്ധ സ്ഥാപനങ്ങളില്‍ ഒന്നോ അതിലധികമോ ലേലം വിളിക്കാം. എന്നാല്‍ നിലിവില്‍ ബിഡ് സമര്‍പ്പിച്ച മുഴുവന്‍ കമ്പനികളും ആര്‍സിഎലിനെ പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുകയാണ്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് നിപ്പണ്‍ ലൈഫ് ഇന്‍ഷുറന്‍സ്, റിലയന്‍സ് സെക്യൂരിറ്റീസ്, റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, റിലയന്‍സ് ഹോം ഫിനാന്‍സ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് എന്നിവയാണ് റിലയന്‍സ് ക്യാപിറ്റലിന്റെ സബ്സിഡിയറികള്‍.

Related Articles

© 2025 Financial Views. All Rights Reserved