ശ്രീലങ്കയിലും തുറമുഖ നിര്‍മ്മാണവുമായി ചുവടുറപ്പിക്കാന്‍ അദാനി ഗ്രൂപ്പ്

March 17, 2021 |
|
News

                  ശ്രീലങ്കയിലും തുറമുഖ നിര്‍മ്മാണവുമായി ചുവടുറപ്പിക്കാന്‍ അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ തുറമുഖ മേഖലയിലെ സര്‍വ്വശക്തരാണ് അദാനി ഗ്രൂപ്പ്. രാജ്യത്തെ തുറമുഖ വാണിജ്യ മേഖലയുടെ 30 ശതമാനവും ഇന്ന് അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. അദാനി ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യം വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ശ്രീലങ്കയിലാണ് അദാനി ഗ്രൂപ്പിന്റെ അടുത്ത വമ്പന്‍ പദ്ധതി. 750 ദശലക്ഷം ഡോളറിന്റെ തുറമുഖ നിര്‍മാണത്തിലാണ് അദാനി ഗ്രൂപ്പ് പങ്കാളിയാകുന്നത്. ശ്രീലങ്കയിലെ ഏറ്റവും വലിയ കണ്‍ഗ്ലോമറേറ്റ് ആയ ജോണ്‍ കീല്‍സ് ഹോള്‍ഡിങ്സ് പിഎല്‍സിയുമായി ചേര്‍ന്നാണിത്. വിശദാംശങ്ങള്‍...

അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് ആണ് ശ്രീലങ്കയില്‍ തുറമുഖ നിര്‍മാണത്തില്‍ പങ്കാളികളാകുന്നത്. അദാനി ഗ്രൂപ്പിന്റെ ആദ്യത്തെ വിദേശ പദ്ധതിയാണിത്. വലിയ പ്രതീക്ഷയോടെ ആണ് അദാനി ഗ്രൂപ്പ് ഈ നീക്കത്തെ കാണുന്നത്. 750 ദശലക്ഷം ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പ്രൊജക്ട് ആണിത് എന്നാണ് ശ്രീലങ്കന്‍ പോര്‍ട് അതോറിറ്റി തന്നെ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് അയ്യായിരത്തി അഞ്ഞൂറ് കോടി രൂപ വരും ഇത്.

35 വര്‍ഷത്തേക്കാണ് കരാര്‍. കൊളംബോ തുറമുറത്തിന്റെ വെസ്റ്റ് കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നിര്‍മാണത്തിനും നടത്തിപ്പുനും ആണ് കരാര്‍. ശ്രീലങ്കയിലെ ജോണ്‍ കീല്‍സ് ഹോള്‍ഡിങ്സ് പിഎല്‍സിയുമായി ചേര്‍ന്നാണ് അദാനി ഗ്രൂപ്പ് ഈ പോര്‍ട് ടെര്‍മിനര്‍ നിര്‍മിക്കുക. ഇന്ത്യ- ശ്രീലങ്ക ബന്ധത്തിലും ഏറെ നിര്‍ണായകമാണ് ഈ തുറമുഖ നിര്‍മാണ കരാര്‍ എന്നാണ് വിലയിരുത്തലുകള്‍. കുറേ കാലങ്ങളായി ഇത്തരം കാര്യങ്ങള്‍ക്ക് ശ്രീലങ്ക കൂടുതല്‍ ആശ്രയിച്ചുവരുന്നത് ചൈനയെ ആണ്. ശ്രീലങ്ക- ചൈന ബന്ധം ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ഒന്നായിരുന്നു.

ശ്രീലങ്കയിലെ തുറമുഖ ടെര്‍മിനല്‍ നിര്‍മാണ കരാറുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വന്നതോടെ അദാനി പോര്‍ട്സിന്റെ ഓഹരിമൂല്യവും കുതിച്ചുയര്‍ന്നു. മുംബൈ ഓഹരി വിപണിയില്‍ 2.3 ശതമാനം വളര്‍ച്ചയാണ് അദാനി പോര്‍ട്സിന്റെ ഓഹരികള്‍ക്ക് ഉണ്ടായത്. കൊളംബോയില്‍ ജോണ്‍ കീല്‍സിന്റെ ഓഹരിമൂല്യം 1.4 ശതമാനവും വര്‍ദ്ധിച്ചു. ശ്രീലങ്കയിലെ വലിയ തുറമുഖ ടെര്‍മിനലുകളില്‍ ഒന്നാണ് അദാനി പോര്‍ട്സ് നിര്‍മിക്കുന്നത്. 1,400 മീറ്റര്‍ നീളമാണ് തുറമുഖ ടെര്‍മിനലിന് ഉണ്ടാവുക. 20 മീറ്റര്‍ ആഴവും ഉണ്ടാകും. ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ശ്രീലങ്കയിലെ പ്രധാന ട്രാന്‍സ് ഷിപ്മെന്റ് കാര്‍ഗോ ഡെസ്റ്റിനേഷന്‍ ആയി ഇത് മാറും.

മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ കരാറിന്. സംയുക്ത പദ്ധതിയില്‍ അദാനി പോര്‍ട്സിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പോര്‍ട്ട് ഓപ്പറേറ്റര്‍ ശ്രീലങ്കയുമായി ഇത്തരത്തിലുള്ള ഒരു പദ്ധതിയില്‍ പങ്കാളികളാകുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ ആണ് ഗൗതം ആദാനി ഇപ്പോള്‍ വളരെ പെട്ടെന്നായിരുന്നു ഗൗതം അദാനിയുടെ വളര്‍ച്ച. ഓരോ വര്‍ഷവും ശതകോടികളുടെ വര്‍ദ്ധനയാണ് അദാനിയുടെ ആസ്തിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved