
കോവിഡ് 19 ബാധയുടെ കനത്ത തിരിച്ചടി റബറിനും. ഉല്‍പ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കാര്യത്തില്‍ പഴയ കണക്കുകൂട്ടലുകള്‍ മാറിമറിയുന്ന സ്ഥിതിയാണിപ്പോള്‍ റബര്‍ മേഖല അഭിമുഖീകരിക്കുന്നത്. പ്രകൃതിദത്ത റബ്ബറിന്റെ വില ഉയരുമെന്ന പ്രവചനങ്ങള്‍ക്കിടെ കടന്നു വന്ന കൊറാണ വൈറസ് വാഹന മേഖലയിലുള്‍പ്പെടെ റബര്‍ ഉപഭോഗം താഴ്ത്തിയതോടെ വില ഇനിയും കുറയുമെന്നാണ് സൂചന. ഇതോടെ റബര്‍ വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്.
റബറിന് കഴിഞ്ഞ ഒരു മാസത്തിനിടെ കിലോഗ്രാമിന് 138 രൂപയില്‍ നിന്ന് 10 രൂപയോളം വില താഴ്ന്നു.റബര്‍ ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ നിന്ന ചൈനയില്‍ വ്യവസായ മേഖലയ്ക്ക് തിരിച്ചടി നേരിട്ടതാണ് ഇവിടത്തെ വിലയിടിവിന് പ്രധാന കാരണമായത്. വൈറസ് ബാധ വന്നതോടെ ചൈനയില്‍ ഗതാഗതം കുറഞ്ഞത് ടയര്‍ വ്യാപാരത്തേയും വാഹന നിര്‍മ്മാണത്തെയും സാരമായി ബാധിച്ചു. വാഹനങ്ങളുടെ വില്‍പ്പന നാമമാത്രമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലാകട്ടെ ഏതാനും മാസങ്ങളായി മാന്ദ്യത്തിലായിരുന്നു വാഹന വിപണിയും വാഹന നിര്‍മ്മാണവും. ഇതിനിടെയാണ് ചൈനയില്‍ നിന്നുള്ള ഉല്‍പ്പാദന ഘടകങ്ങളുടെ വിതരണം തകരാറിലായത്. മിക്ക രാജ്യങ്ങളിലും വാഹന വ്യവസായം വൈറസ് ബാധയുടെ തിരിച്ചടിയേല്‍ക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. റബര്‍ ഉപഭോഗം കുറയാനിടയാക്കുന്ന സാഹചര്യങ്ങളാണിവ.
എന്നാല്‍ പ്രകൃതിദത്ത റബ്ബറിന്റെ ആഗോള വിതരണം 2.7 ശതമാനം വര്‍ധിച്ച് ഈ വര്‍ഷം 14.177 മില്ല്യണ്‍ ടണ്ണായി ഉയരുമെന്ന്് അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) പുറത്തുവിട്ടിട്ടുള്ള കണക്ക് അപ്രസക്തമായി. വിയറ്റ്‌നാമും ഇന്ത്യയും ശ്രീലങ്കയും നേരത്തേതില്‍ നിന്നു താഴ്ത്തി രേഖപ്പെടുത്തിയ പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിഷ്‌കരിച്ച എസ്റ്റിമേറ്റാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും കോവിഡ് 19 ബാധയുടെ തിരിച്ചടി മൂലം ഉപഭോഗം ഗണ്യമായി താഴുകയേയുള്ളൂവെന്ന് വ്യക്തമായിക്കഴിഞ്ഞു.
ലോക ഉത്പാദനത്തിന്റെ കണക്കുകള്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും കോവിഡ് 19 ബാധ മൂലം ഉല്‍പ്പാദനം എത്ര കുറയുമെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. 2020 ലെ ഇന്ത്യയുടെ ഉല്‍പ്പാദനം 1.3 മില്യണ്‍ ടണ്‍ ആയിരിക്കുമെന്നാണ് ഒരു മാസം മുമ്പ് പ്രവചിച്ചിരുന്നത്. അത് ഇപ്പോള്‍ 1.2 മില്യണ്‍ ടണ്‍ ആയി കുറച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ കണക്ക് ഇനിയും മാറാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും എഎന്‍ആര്‍പിസി റിപ്പോര്‍ട്ടിലെ സൂചനകളുടെ വെളിച്ചത്തില്‍ വില ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താവുകയാണ്.