ജിയോ ഫോണ്‍ നെക്സ്റ്റിന് വെല്ലുവിളിയായി എയര്‍ടെല്‍; എയര്‍ടെല്‍ ഫോണ്‍ വരുന്നു

September 15, 2021 |
|
News

                  ജിയോ ഫോണ്‍ നെക്സ്റ്റിന് വെല്ലുവിളിയായി എയര്‍ടെല്‍;  എയര്‍ടെല്‍ ഫോണ്‍ വരുന്നു

ഡാറ്റ ഓഫറുകളോടൊപ്പം ബജറ്റിലൊതുങ്ങുന്ന 4 ജി ഫോണുകള്‍ പുറത്തിറക്കാന്‍ എയര്‍ടെല്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. വലിയൊരു ഡിസ്‌കൗണ്ട് ഉണ്ടാകില്ലെങ്കിലും ഡാറ്റ ഓഫറുകളോടൊപ്പം ന്യായവിലയിലാകും ഫോണ്‍ എത്തുക എന്നാണ് അറിയുന്നത്. സെപ്റ്റംബര്‍ 10ന് പുറത്തിറങ്ങാനിരുന്ന ജിയോ ഫോണ്‍ നെക്സ്റ്റിന്റെ ലോഞ്ച് വൈകുന്നതിനിടെയാണ് എയര്‍ടെല്ലിന്റെ പ്രഖ്യാപനം.

തങ്ങളുടെ നിലവിലെ 2 ജി ഉപഭോക്താക്കളെ 4ജി സ്മാര്‍ട്ട് ഫോണ്‍ യുഗത്തിലേക്ക് കൈ പിടിച്ചുയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ 4000 രൂപയില്‍ താഴെ വില വരുന്ന ജിയോഫോണ്‍ നെക്സ്റ്റിന് എതിരാളിയായിട്ടായിരിക്കും എയര്‍ടെല്‍ ഫോണ്‍ എത്തുക. ആല്‍ഫബെറ്റ് ഇന്‍കിന്റെ ഗൂഗ്ള്‍, ഭാര്‍തി എയര്‍ടെല്ലുമായി 'ഏകദേശം ഒരു വര്‍ഷമായി' തുടരുന്ന ചര്‍ച്ചകളുടെ പുരോഗമന ഘട്ടത്തിലാണെന്നും 'വലിയ ഇടപാട' നടക്കാനിടയുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പുതിയ സൂചനകളില്ല. എന്നാല്‍ ലാവ, കാര്‍ബണ്‍, എച്ച്എംഡി ഗ്ലോബല്‍ തുടങ്ങിയ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളുമായി കമ്പനി പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായും സൂചനയുണ്ട്.

ലോഞ്ചിംഗ് താല്‍ക്കാലികമായി നീട്ടി വച്ചിരിക്കുന്ന ജിയോ വിപണിക്ക് അല്‍പ്പം ക്ഷീണമാണ് എയര്‍ടെല്ലിന്റെ പുതിയ വാര്‍ത്ത. ചിപ്പ് പ്രതിസന്ധി മൂലവും ഷിപ്പിംഗ് പ്രശ്നങ്ങളും കൊണ്ട് ദേശീയ തലത്തില്‍ ഇലക്ട്രോണിക് ഉല്‍പ്പന്ന വ്യവസായം പ്രശ്നങ്ങള്‍ നേരിടുന്നതോടൊപ്പമാണ് ജിയോ ഫോണ്‍ നെക്സ്റ്റിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നത്. സെപ്റ്റംബര്‍ 10 ന് നടക്കാനിരുന്ന ഫോണ്‍ ലോഞ്ച് നീട്ടിവയ്ക്കുന്നതിന് കമ്പനി തന്നെ വിശദീകരണവുമായി നേരിട്ടെത്തിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved