
ന്യൂഡല്‍ഹി: വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് രംഗത്ത്. കടക്കെണിയിലായ എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്‍പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നീട്ടിയിരുന്നു. ഏപ്രില്‍ 30 ആണു മുന്‍പ് നിശ്ചയിച്ചിരുന്ന സമയപരിധിയെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ അതു നീട്ടുകയായിരുന്നു.
എയര്‍ ഇന്ത്യയ്ക്കായി നിലവില്‍, ടാറ്റ ഗ്രൂപ്പ് മാത്രമാണു രംഗത്തുള്ളത്. മുന്‍പ് താല്‍പര്യമറിയിച്ചിരുന്ന ഹിന്ദുജ, അദാനി കമ്പനികള്‍ മൗനം പാലിക്കുകയാണ്. താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ ഇനിയും സമയമുള്ളതിനാല്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ രംഗത്തുവന്നേക്കുമെന്നാണു വ്യോമയാന മന്ത്രാലയത്തിന്റെ പ്രതീക്ഷ.
കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് കമ്പനികള്‍ പിന്നാക്കം പോകാന്‍ കാരണമെന്നു മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ലോക്ഡൗണിനു ശേഷം വിമാന സര്‍വീസ് പുന:രാരംഭിക്കാന്‍ പണം ആവശ്യമാണെന്നും നിലവില്‍ എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനാവില്ലെന്നും കമ്പനികളിലൊന്ന് അറിയിച്ചതായി മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.