ഏപ്രില്‍ 30 വരെ ബുക്കിങ് നിര്‍ത്തി എയര്‍ ഇന്ത്യ; ലോക്ക്ഡൗണിന് ശേഷം ഘട്ടംഘട്ടമായി സര്‍വീസുകള്‍ പുനഃസ്ഥാപിക്കും

April 04, 2020 |
|
News

                  ഏപ്രില്‍ 30 വരെ ബുക്കിങ് നിര്‍ത്തി എയര്‍ ഇന്ത്യ; ലോക്ക്ഡൗണിന് ശേഷം ഘട്ടംഘട്ടമായി സര്‍വീസുകള്‍ പുനഃസ്ഥാപിക്കും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഏപ്രില്‍ 30 വരെയുള്ള ബുക്കിങ് നിര്‍ത്തി. ഘട്ടംഘട്ടമായി വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം മുന്‍നിര്‍ത്തിയാണ് എയര്‍ ഇന്ത്യയുടെ നടപടി. നിലവില്‍ ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുകയാണ്. കൊറോണ വൈറസ് ബാധ മുന്‍നിര്‍ത്തി ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം ഏപ്രില്‍ 14 വരെ കേന്ദ്രം റദ്ദാക്കിയിരിക്കുകയാണ്.

ഏപ്രില്‍ 15 മുതല്‍ ഘട്ടംഘട്ടമായി വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. വ്യാഴാഴ്ച്ച കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി ഇക്കാര്യം അറിയിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യയുടെ തീരുമാനവും. ഇതോടെ ഏപ്രിലില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്താനുള്ള സാധ്യത തീരെ കുറഞ്ഞിരിക്കുകയാണ്.

നിയന്ത്രണങ്ങളോടെയാകും വിമാന സര്‍വീസുകള്‍ രാജ്യത്ത് വീണ്ടും ആരംഭിക്കുക. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ക്ക് വിലക്കുണ്ടാവാന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ നേരത്തെ ബുക്കിങ് ആരംഭിച്ച് അനാവശ്യമായി റീഫണ്ട് ബാധ്യത വരുത്തിവെയ്ക്കേണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ നിലപാട്. നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സും ഏപ്രില്‍ 30 വരെ രാജ്യാന്തര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതേസമയം, മറ്റു വിമാനക്കമ്പനികള്‍ ഏപ്രില്‍ 15 -ന് ശേഷമുള്ള ആഭ്യന്തര ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. നേരത്തെ, വരുമാനം കുറഞ്ഞത് മുന്‍നിര്‍ത്തി വിരമിച്ചതിന് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ച 200 പൈലറ്റുമാരുടെ കരാര്‍ എയര്‍ ഇന്ത്യ താത്കാലികമായി റദ്ദു ചെയ്തിരുന്നു. നിലവില്‍ യാത്രാ, വാണിജ്യ വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. കമ്പനിയുടെ വരുമാനത്തെ ഇതു കാര്യമായി ബാധിച്ചു.

ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് 200 പൈലറ്റുമാരുടെ കരാര്‍ എയര്‍ ഇന്ത്യ റദ്ദു ചെയ്തത്. ക്യാബിന്‍ ക്രൂ ഒഴികെയുള്ള എല്ലാ ജീവനക്കാരുടെയും അലവന്‍സുകള്‍ പത്തു ശതമാനം കമ്പനി നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. മൂന്നു മാസത്തേക്ക് ഇത്തരത്തില്‍ അലവന്‍സുകള്‍ ലഭ്യമാവില്ലെന്നാണ് കമ്പനി ജീവനക്കാരെ അറിയിച്ചത്. കൊറോണ വൈറസ് ബാധ മൂലം രാജ്യം ലോക്ക്ഡൗണ്‍ ചെയ്തത് കാരണം വിമാനങ്ങള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇത് എല്ലാ വിമാന സര്‍വീസ് കമ്പനികളേയും പ്രതികൂലമായി ബാധിച്ചു. വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ശമ്പളം വെട്ടിക്കുറയിക്കുന്നതും, ജോലിയില്‍ നിന്ന് താല്‍ക്കാലികമായി പിരിച്ചുവിടുന്നതുമുള്‍പ്പെടെയുള്ള നടപടികള്‍ പല കമ്പനികളും ഇതിനോടകം തന്നെ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved