
ന്യൂഡല്‍ഹി: തങ്ങളുടെ സ്ഥിരം ജീവനക്കാരോട് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള അവധിയില്‍ പോകാന്‍ എയര്‍ ഇന്ത്യ നിര്‍ദ്ദേശിച്ചേക്കും. ഈ അവധി അഞ്ച് വര്‍ഷം വരെ നീട്ടാനാവും. നിലവിലെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ജീവനക്കാര്‍ക്ക് ജൂലൈ 14 ന് നല്‍കിയ നോട്ടീസിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ജൂലൈ ഏഴിന് ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ 102-ാം യോഗത്തിലാണ് ഈ അവധി പദ്ധതി അംഗീകരിച്ചത്. ആറ് മാസം വരെയുള്ള അവധിയോ, രണ്ട് വര്‍ഷം വരെയുള്ള അവധിയോ ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം. രണ്ടിലേതായാലും അഞ്ച് വര്‍ഷം വരെ അത് നീട്ടാന്‍ അനുവാദമുണ്ട്.
ഒരു തൊഴിലാളിയെ ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള അവധിയില്‍ അയക്കാന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ക്കും ഈ പദ്ധതിയിലൂടെ അധികാരമുണ്ട്. അതിനാല്‍ തന്നെ ഓഗസ്റ്റ് 15 ന് മുന്‍പ് ഇത്തരത്തില്‍ നിര്‍ബന്ധിത വേതന രഹിത അവധിയില്‍ പ്രവേശിപ്പിക്കേണ്ട ജീവനക്കാരുടെ വിവരം നല്‍കണമെന്ന് റീജണല്‍ തലവന്മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നിലവില്‍ 11000 പേരാണ് എയര്‍ ഇന്ത്യയുടെ സ്ഥിരം ജീവനക്കാര്‍.