
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ വലയുന്ന വേളയില്‍ ആസ്തികള്‍ വിറ്റ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ. ഈ വേളയിലാണ് ഇന്ധനം നിറയ്ക്കാന്‍ പോലും പണമില്ലെന്ന വാര്‍ത്ത എയര്‍ ഇന്ത്യയെ നാണക്കേടിലാക്കുന്നത്. എയര്‍- ഇന്ത്യയുടെ കൊച്ചി-ദുബായ് വിമാനമാണ് നാലു മണിക്കൂര്‍ വൈകിയത്. ഞായറാഴ്ച്ച രാവിലെ 9.15ന് പുറപ്പെടേണ്ട വിമാനും ടേക്ക് ഓഫ് ചെയ്തപ്പോള്‍ ഉച്ചയ്ക്ക് ഒന്നേ കാലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ഡ്രീംലൈനര്‍ എഐ 933 വിമാനമാണ് ഇന്ധനം നിറയ്ക്കാനുള്ള പണമില്ലാത്തതിനാല്‍ നാലു മണിക്കൂര്‍ വൈകി പുറപ്പെട്ടത്. ആകെ മുന്നൂറ് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ആന്റോ ആന്റണി എംപിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഇടപെട്ടാണ് പിന്നീട് ഇന്ധനം നല്‍കാന്‍ എണ്ണക്കമ്പനികള്‍ തയാറായത്. കടുത്ത സാമ്പത്തിക പ്രതിസന്ധയിലൂടെ കടന്നു പോകുന്ന എയര്‍ ഇന്ത്യയുടെ പല വിമാന സര്‍വീസുകളും ഇന്ധനം നിറയ്ക്കാന്‍ പണമില്ലാതെ കുറച്ചു നാളുകളായി മുടങ്ങുന്നുണ്ട്. വ്യാഴാഴ്ച ഐഒസി, എച്ച്പിസിഎല്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികള്‍ ആറു വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു. കൊച്ചി, പുണെ, പട്‌ന, റാഞ്ചി, വിശാഖപട്ടണം, മൊഹാലി എന്നീ വിമാനത്താവളങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ അനുവദിച്ചിരുന്നില്ല.
5,000 കോടി രൂപ മൂന്ന് കമ്പനികളിലുമായി എയര്‍ ഇന്ത്യയ്ക്ക് കടമുണ്ടെന്നും അതിനാലാണ് ഈ തീരുമാനമെന്നുമാണ് ഐഒസി അറിയിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചത്. 58,351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്. എന്നാല്‍ ഓഹരികള്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഓഹരി വില്‍പന തീരുമാനം മരവിപ്പിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഓഹരി വില്‍പനയില്‍ നിന്നും പുറകോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തിയത്. സാമ്പത്തിക കാര്യങ്ങള്‍ക്കുളള മന്ത്രിസഭാ സമിതി ഓഹരി വില്‍പന നടപടിക്രമങ്ങള്‍ നിരീക്ഷിക്കും. ഇതിനായി ഒരു പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ സഹായത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.