കൊല്‍ക്കത്ത വിമാനത്താവളത്തിലെ പാക്കിങ് ചാര്‍ജ് 5.5 കോടി രൂപ!

October 04, 2021 |
|
News

                  കൊല്‍ക്കത്ത വിമാനത്താവളത്തിലെ പാക്കിങ് ചാര്‍ജ് 5.5 കോടി രൂപ!

കോവിഡിനെ തുടര്‍ന്നു പ്രവര്‍ത്തനം തടസപ്പെട്ട സ്പൈസ്ജെറ്റ് ബോയിങ് ബി-737 മാക്സ് 8 വിമാനത്തിനു കൊല്‍ക്കത്ത വിമാനത്താവളം നല്‍കിയ പാക്കിങ് ചാര്‍ജ് അമ്പരപ്പിക്കുന്നതാണ്. നിലവില്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയവും ഇതുതന്നെ. എത്രയെന്നല്ലേ? 5.5 കോടി രൂപയാണ് വിമാനം പാര്‍ക്ക് ചെയ്തതിനു വിമാനത്താവളം ആവശ്യപ്പെട്ടിരിക്കുന്നത്! കോവിഡില്‍ റൂട്ടുകള്‍ മുടങ്ങിയതോടെ 30 മാസമാണ് വിമാനം ഇവിടെ പാര്‍ക്ക് ചെയ്തത്. നാളെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനിരിക്കുന്ന വിമാനത്തിനു പ്രവര്‍ത്തിക്കണമെങ്കില്‍ ബില്‍ അടച്ചേ തീരൂ. ബില്‍ അടയ്ക്കാതെ വിമാനത്താവളത്തില്‍ നിന്ന് പറക്കാനുള്ള അനുമതി കമ്പനിക്ക് ലഭിക്കില്ല.

ഇതേ ഗണത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു വിമാനം കൂടി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. 2019 ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേയ്സിന്റെയാണിത്. തിരിച്ചവരവിനു ശ്രമിക്കുന്ന ജെറ്റിനും, സ്പൈസ് ജെറ്റിനു ലഭിച്ച ബില്‍ ഒരു മുന്നറിയിപ്പാണ്. 2018 നവംബര്‍ രണ്ടിനാണ് വിമാനം സ്പൈസ്ജെറ്റ് കമ്പനി ലീസിനെടുത്തത്. പ്രവര്‍ത്തനം തുടങ്ങി നാലു മാസത്തിനുള്ളില്‍ വിമാനത്തിന്റെ സര്‍വീസുകള്‍ അവസാനിപ്പിക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുകയായിരുന്നു. ഇതേ ഗണത്തില്‍പെട്ട രണ്ടു വിമാനങ്ങള്‍ രാജ്യാന്തരതലത്തില്‍ കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്നു അപകടത്തില്‍പ്പെട്ടതാണ് ഇതിനു കാരണം. ഇത്തരത്തില്‍ 13 വിമാനങ്ങളുടെ സര്‍വീസാണ് സ്പൈസ്ജെറ്റ് അവസാനിപ്പിച്ചത്.

ഫാനി, ബുള്‍ബുള്‍, ആംഫാന്‍, യാസ് എന്നിവയുള്‍പ്പെടെ നിരവധി ചുഴലിക്കാറ്റുകള്‍ നേരിട്ട വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. വിമാനം വീണ്ടും പറത്തുന്നതിനായി പൈലറ്റുമാര്‍ ഗുഡ്ഗാവിലെ സ്പൈസ്ജെറ്റ് ട്രെയിനിങ് അക്കാദമിയിലും നോയിഡയിലെ ബോയിങ് സിമുലേറ്റര്‍ സൗകര്യത്തിലും പരിശീലനം നടത്തുകയാണ്. 20 പൈലറ്റുമാരുടെ ആദ്യ ബാച്ച് ഇതിനകം തന്നെ പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞു. വിമാനം നിലത്തിറക്കിയ സമയത്ത് ഈ ഗണത്തില്‍ പരിശീലനം ലഭിച്ച 350ല്‍ അധികം പൈലറ്റുമാര്‍ കമ്പനിയിലുണ്ടായിരുന്നു. നിലവില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ 18-ാം നമ്പര്‍ ബേയിലുള്ള വിമാനം പുറത്തിറക്കുന്നതോടെ ബില്‍ അധികൃതര്‍ സ്പൈസ് ജെ്റ്റിന് കൈമാറുമെന്നാണു റിപ്പോര്‍ട്ട്.

Related Articles

© 2025 Financial Views. All Rights Reserved