
ബംഗളുരു: ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ ഊബര്‍ ഈറ്റ്‌സിന്റെ വിടവ് നികത്താന്‍ ആമസോണ്‍ എത്തുന്നു. സ്വിഗ്വിക്കും സൊമാറ്റോയ്ക്കും കനത്ത വെല്ലുവിളിയായിരിക്കും കമ്പനി ഉയര്‍ത്തുക. ബംഗളുരുവിലാണ് പരീക്ഷണഘട്ടത്തില്‍ ഭക്ഷണവിതരണം ആരംഭിക്കുക. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ വിപണിയില്‍ ഒന്നാമതെത്താന്‍ തങ്ങള്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആമസോണിന്റെ നിക്ഷേപകരിലൊരാള്‍ അറിയിച്ചു.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിയും ആമസോണ്‍ ഇന്ത്യയും സംയുക്തമായി ആരംഭിക്കുന്ന സ്ഥാപനമാണ് ബെംഗളുരുവിലെ ഭക്ഷണശാലകളുമായി കരാറിലെത്തിയിരിക്കുന്നത്. 10 മുതല്‍ 15 ശതമാനം വരെ കമ്മീഷന്‍ വാങ്ങിയാണ് ഭക്ഷണവിതരണമെന്നാണ് വിവരം. സൊമാറ്റോയും സ്വിഗ്വിയും തങ്ങളുടെ ഹോട്ടല്‍പങ്കാളികളില്‍ നിന്ന് വാങ്ങുന്ന കമ്മീഷന്റെ പകുതിമാത്രമാണ് ആമസോണ്‍ ഈടാക്കുന്നത്. ഇത് വിപണിയില്‍ കനത്ത വെല്ലുവിളിയായിരിക്കും രണ്ട് കമ്പനികള്‍ക്കും ഉയര്‍ത്തുക. അടുത്തിടെയാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയിലെ വമ്പനായിരുന്ന ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തത്.