
മെയ് 4 മുതല്‍ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് അവശ്യവസ്തുക്കളല്ലാത്തവയും വില്‍ക്കാം. കോവിഡ് ബാധിക്കാത്ത സ്ഥലങ്ങളിലേയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. അതായത് ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ വില്പന പോര്‍ട്ടലുകള്‍ക്ക് ഓറഞ്ച്, ഗ്രീന്‍ സോണുകളിലേയ്ക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉള്‍പ്പടെ എല്ലാ വസ്തുക്കളും വില്‍പ്പന നടത്താം.
രാജ്യത്തെ 733 ജില്ലകളെ മൂന്ന് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെയാണ് സോണുകള്‍ അറിയപ്പെടുന്നത്. ആഴ്ചയിലൊരിക്കല്‍ സോണുകളുടെ സ്ഥിതി വിലയിരുത്തി കാറ്റഗി പുനഃപരിശോധിക്കും.
ചുവപ്പ് സോണുകള്‍ പച്ചയിലേയ്ക്കോ ഓറഞ്ചിലേയ്ക്കോമാറിയാല്‍ അവിടെയുള്ളവര്‍ക്കും ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ വഴി ഉത്പന്നം വാങ്ങാം. 21 ദിവസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലാണ് ചുവപ്പ് സോണ്‍ ഓറഞ്ചിലേയ്ക്ക് മാറുക. ചുവപ്പോ പച്ചയോ സോണുകളില്‍ ഉള്‍പ്പെടാത്തവയെല്ലാം ഓറഞ്ച് സോണിലായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആമസോണ്‍ പ്രതിനധി അറിയിച്ചു. കലണ്ടര്‍ വര്‍ഷത്തെ ആദ്യപാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടപ്പോള്‍, ഇന്ത്യയില്‍നിന്നാണ് കമ്പനിക്ക് കനത്ത തിരിച്ചടി നേരിട്ടതെന്ന് വ്യക്തമാക്കിയിരുന്നു.