
ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്ടുപോയിക്കൊണ്ടിരിക്കവേ, സമ്പത്തിന്റെ കാര്യത്തില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ആമസോണ്‍ സ്ഥാപകനും സിഇഒയും ആയ ജെഫ് ബെസോസ്. ലോക ചരിത്രത്തില്‍ ആദ്യമായി ആസ്തി മൂല്യം 200 ബില്യണ്‍ ഡോളര്‍ കടക്കുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ജെഫ് ബെസോസ്. കണക്ക് പ്രകാരം ജെഫ് ബെസോസിന്റെ ആസ്തി മൂല്യം 204.6 ബില്യണ്‍ ഡോളറായി.
1997 ല്‍ ആണ് ജെഫ് ബെസോസ് ഒരു മില്യണയര്‍ (ലക്ഷാധിപതി) ആകുന്നത്. ആമസോണ്‍ ഐപിഒ വഴി 54 ദശലക്ഷം ഡോളര്‍ സമാഹരിച്ചപ്പോള്‍ ആയിരുന്നു ഇത്. 20 വര്‍ഷം കഴിഞ്ഞപ്പോള്‍, 2017 ല്‍ ലോക സമ്പന്നരില്‍ ഒന്നാം സ്ഥാനത്തെത്തി അദ്ദേഹം. കഴിഞ്ഞ മൂന്ന് വര്‍ഷവും ആ സ്ഥാനം ആര്‍ക്കും വിട്ടുകൊടുത്തിട്ടും ഇല്ല.
ലോകത്തില്‍ ഇതുവരെ ആരും തന്നെ 200 ബില്യണ്‍ ഡോളര്‍ എന്ന കടമ്പ കടന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ജെഫ് ബെസോസ് അതും ചാടിക്കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആസ്തി മൂല്യം ഇപ്പോള്‍ പതിനഞ്ച് ലക്ഷം കോടി രൂപയിലും മുകളിലാണ്. ലോക സമ്പദ് വ്യവസ്ഥയെ തന്നെ ഇളക്കിമറിച്ചാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. അത് ഏറ്റവും അധികം ബാധിച്ചത് അമേരിക്കയേയും ആണ്. എന്നാല്‍ അമേരിക്കന്‍ ആസ്ഥാനമായുള്ള ജെഫ് ബെസോസിന്റെ ആമസോണ്‍ ലാഭത്തില്‍ നിന്ന് ലാഭത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്.
ആഗോളതലത്തില്‍ ഓഹരി വിപണികള്‍ വന്‍ തകര്‍ച്ച നേരിടുമ്പോള്‍ ആമസോണിന് ഇത് നേട്ടത്തിന്റെ കാലമാണ്. ഓഗസ്റ്റ് 26 ന് ആമസോണിന്റെ ഓഹരി മൂല്യം 2.3 ശതമാനം ആണ് ഉയര്‍ന്നത്. ഒരു ഓഹരിയ്ക്ക് 3,423 ഡോളര്‍ വരെ വില ഉയര്‍ന്നു. ഇതാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യം ഇത്രയും ഉയര്‍ത്താന്‍ സഹായകമായത്.
ബ്ലൂംബെര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്സ് പ്രകാരം 202 ബില്യണ്‍ ഡോളര്‍ ആണ് ഡെഫ് ബെസോസിന്റെ ഇപ്പോഴത്തെ ആസ്തി മൂല്യം. കഴിഞ്ഞ വര്‍ഷം, ഇതേ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ 87.1 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനയാണ് ആസ്തിമൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. ലോകസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആകെ ഇടം നേടിയിട്ടുള്ളത് റിലയന്‍സിന്റെ മുകേഷ് അംബാനിയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തിമൂല്യം 81.1 ബില്യണ്‍ ഡോളറാണ്. അംബാനിയുടെ മൊത്തം ആസ്തിമൂല്യത്തേക്കാള്‍ കൂടുതലാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ജെഫ് ബെസോസിന്റെ ആസ്തിയില്‍ ഉണ്ടായ വര്‍ദ്ധന. രണ്ടാം സ്ഥാനത്തുള്ള ബില്‍ ഗേറ്റ്സിന്റെ മൊത്തം ആസ്തി 124 ബില്യണ്‍ ഡോളര്‍ ആണ്. മൂന്നാം സ്ഥാനത്തുള്ള മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആസ്തി 115 ബില്യണ്‍ ഡോളറും.