
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇന്ത്യ. വീട്ടിലിരുന്ന് കാര്യക്ഷമായി ജോലി നിര്‍വഹിക്കാനാകുന്ന ചുമതലകളിലുള്ള ജീവനക്കാര്‍ക്കാണ് ഈ സൗകര്യം നല്‍കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നു എന്നും പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും ആമസോണിന്റെ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ ആമസോണിന്റെ മുഖ്യ എതിരാളികളായ ഫ്ളിപ്കാര്‍ട്ട് തങ്ങളുടെ ബെംഗളൂരുവിലെ മുഖ്യ കാംപസില്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍വ സ്ഥിതിയില്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് സാങ്കേതിക പരിമിതികള്‍ ഉള്ള ജീവനക്കാരാണ് ആദ്യം ഓഫിസുകളിലേക്ക് തിരികെ എത്തുന്നതെന്ന് ഫ്ളിപ്കാര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ഓഫിസുകളുടെ പ്രവര്‍ത്തനവും ഇത്തരത്തില്‍ ക്രമേണ പുനരാരംഭിക്കും.
ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍ ഉള്ളവര്‍, മുതിര്‍ന്ന മാതാപിതാക്കള്‍ ഉള്ളവര്‍, പ്രത്യേക ആരോഗ്യാവസ്ഥകള്‍ ഉള്ളവര്‍ എന്നിവരോട് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഫ്ളിപ്കാര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഓഫിസിനകത്തും കൃത്യമായ സാമൂഹ്യ അകലം പാലിച്ചാണ് ജോലി ക്രമീകരിക്കുക എന്നും കമ്പനി പറയുന്നു.