ലോകത്ത് ആദ്യമായി മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന റോബോട്ടുകളെ നിര്‍മ്മിച്ച കേരള സ്റ്റാര്‍ട്ട്അപ്പിനെത്തേടി ആനന്ദ് മഹീന്ദ്ര; ജെന്‍ റോബോട്ടിക്‌സില്‍ നിക്ഷേപമെത്തി

October 07, 2020 |
|
News

                  ലോകത്ത്  ആദ്യമായി മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന റോബോട്ടുകളെ നിര്‍മ്മിച്ച കേരള സ്റ്റാര്‍ട്ട്അപ്പിനെത്തേടി ആനന്ദ് മഹീന്ദ്ര;  ജെന്‍ റോബോട്ടിക്‌സില്‍ നിക്ഷേപമെത്തി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട്അപ്പില്‍ നിക്ഷേപമിറക്കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്‌സിലാണ് ആനന്ദ് മഹീന്ദ്ര നിക്ഷേപം നടത്തിയത്. വ്യക്തിപരമായ നിക്ഷേപമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാര്‍ നടത്തിയത്.

ലോകത്ത് തന്നെ ആദ്യമായി മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന റോബോട്ടുകളെ നിര്‍മ്മിച്ച് ശ്രദ്ധേയമായവരാണ് ജെന്‍ റോബോട്ടിക്‌സ്. റോബോട്ടുകളെ ഉപയോഗിച്ച് സുരക്ഷിതമായി മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനാല്‍, ഇതില്‍ ഏര്‍പ്പെടുന്നവരുടെ ജീവന്‍ വരെ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ തടയാന്‍ സാധിക്കുന്ന പ്രവര്‍ത്തനമാണ് ഇത്.

മുന്‍പ് ഒരു ശുചീകരണ തൊഴിലാളി മരണപ്പെട്ട വാര്‍ത്ത പങ്കുവച്ച്, മനുഷ്യ അദ്ധ്വാനം ഒഴിവാക്കി ഇത് എങ്ങനെ നടപ്പിലാക്കാം എന്നത് സംബന്ധിച്ച്  ആശയങ്ങള്‍ ഉണ്ടെങ്കില്‍, താന്‍ അതില്‍ പണ മുടക്കാന്‍ തയ്യാറാണെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ജെന്‍ റോബോട്ടിക്‌സ് സിഇഒ വിമല്‍ ഗോവിന്ദ് എംകെ മഹീന്ദ്രയുമായി ബന്ധപ്പെട്ട് തങ്ങളുടെ ആശയം അവതരിപ്പിക്കുകയായിരുന്നു.

ആനന്ദ് മഹീന്ദ്ര 2.5 കോടിയുടെ നിക്ഷേപമാണ് നടത്തുക. നിലവില്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ജെന്‍ റോബോട്ടിക്‌സിന്റെ മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടിനെ ഉപയോഗിക്കുന്നുണ്ട്. പുതിയ നിക്ഷേപം പുതിയ പദ്ധതികളുടെ വ്യാപനത്തിന് സഹായിക്കും എന്നാണ്  ജെന്‍ റോബോട്ടിക്‌സ് പ്രതിക്ഷിക്കുന്നത്.

കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ സഹപാഠികളായിരുന്ന എം.കെ. വിമല്‍ ഗോവിന്ദ്, കെ. റാഷിദ്, എന്‍.പി. നിഖില്‍, അരുണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ബി.ടെക്. പഠനകാലത്തുതന്നെ തുടങ്ങിയ സംരംഭത്തിന് 2017-ല്‍ ജെന്‍ റോബോട്ടിക്‌സായി ഇപ്പോള്‍ കാണുന്ന രൂപത്തിലായത്.

Related Articles

© 2025 Financial Views. All Rights Reserved