സെബിയുടെ ഉത്തരവിനെ തുടര്‍ന്ന് അനില്‍ അംബാനി പടിയിറങ്ങി

March 26, 2022 |
|
News

                  സെബിയുടെ ഉത്തരവിനെ തുടര്‍ന്ന് അനില്‍ അംബാനി പടിയിറങ്ങി

ന്യൂഡല്‍ഹി: അനില്‍ അംബാനി റിലയന്‍സ് പവറിന്റേയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. അതേസമയം പൊതുയോഗത്തില്‍ അംഗങ്ങളുടെ അംഗീകാരത്തിന് വിധേയമായി റിലയന്‍സ് പവറിന്റേയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ബോര്‍ഡുകളില്‍ അഞ്ച് വര്‍ഷത്തേക്ക് സ്വതന്ത്ര ഡയറക്ടര്‍ എന്ന നിലയില്‍ അഡീഷണല്‍ ഡയറക്ടറായി രാഹുല്‍ സരിനെ നിയമിച്ചു.

സെബിയുടെ ഇടക്കാല ഉത്തരവ് പാലിച്ചാണ് അനില്‍ അംബാനി തങ്ങളുടെ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയിച്ചു. കൂടാതെ ലിസ്റ്റ് ചെയ്ത ഏതെങ്കിലും കമ്പനിയുമായി സഹകരിക്കുന്നതില്‍ നിന്നും സെബി അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. റിലയന്‍സ് പവറിന്റെ ഓഹരി ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ +0.050 രൂപ (0.38%) താഴ്ന്ന് 13.05 രൂപയില്‍ നില്‍ക്കുന്നു. റിലയന്‍സ് ഇന്‍ഫ്രയുടെ ഓഹരികള്‍ 109.15 രൂപയിലും.

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിനെയും അനില്‍ അംബാനിയെയും മറ്റ് മൂന്ന് വ്യക്തികളെയും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് കമ്പനിയില്‍ നിന്ന് പണം തട്ടിയതിന് ഫെബ്രുവരിയില്‍ സെബി വിപണിയില്‍ നിന്നും വിലക്കിയിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ എല്ലാ പങ്കാളികളുടെയും താല്‍പര്യം കണക്കിലെടുത്ത് കമ്പനിയെ നയിക്കാന്‍ അംബാനിയെ തിരികെ ക്ഷണിക്കുമെന്ന് കമ്പനി അറിയിച്ചു.

അംബാനിയുടെ നേതൃത്വത്തിലും വലിയ സാമ്പത്തിക വെല്ലുവിളികളിലൂടെ കമ്പനിയെ നയിച്ചതിനും വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ കടബാധ്യതയില്‍ നിന്ന് മുക്തമാകുന്നതിനുമുള്ള വിലമതിക്കാനാകാത്ത സംഭാവനയിലും കമ്പനിയുടെ ഡയറക്ടര്‍മാര്‍ നന്ദി അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കമ്പനി 8 ലക്ഷത്തോളം ഓഹരി ഉടമകള്‍ക്ക് വലിയ നേട്ടം സമ്മാനിച്ചു. സ്റ്റോക്ക് വില 32 രൂപയില്‍ നിന്ന് 150 രൂപയിലേക്ക് (469%) വര്‍ദ്ധിച്ചതായി ബോര്‍ഡുകള്‍ ചൂണ്ടിക്കാട്ടി. 35 വര്‍ഷത്തിലേറെയായി പൊതു സേവനത്തിന്റെ വിശിഷ്ടമായ റെക്കോര്‍ഡുള്ള സിവില്‍ ഉദ്യോഗസ്ഥനായ 72 കാരനായ രാഹുല്‍ സരിന്‍ ഇന്ത്യാ ഗവണ്‍മെന്റ് സെക്രട്ടറിയായി വിരമിച്ചു. നിലവില്‍ അഫ്‌തോണിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് സരിന്‍.

Related Articles

© 2025 Financial Views. All Rights Reserved