
കൊറോണയെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺടാക്റ്റ് ട്രെയ്‌സിങ് അപ്ലിക്കേഷനുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ. ഇതിന്റെ ഭാഗമായിയുള്ള ശ്രമങ്ങളിൽ ആപ്പിളും ഗൂഗിളും കൈകോർക്കാനൊരുങ്ങുന്നു. മെയ് മാസത്തിൽ, കമ്പനികൾ സംയുക്തമായി ഒരു ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് പുറത്തിറക്കും. ഇത് ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ബ്ലൂടൂത്ത് സിഗ്നലുകളിലൂടെ ആശയവിനിമയം നടത്താൻ കഴിയുന്ന വിധമാകും.
തുടക്കത്തിൽ, എപിഐ സർക്കാർ ആരോഗ്യ ഏജൻസികൾക്ക് മാത്രമേ നൽകൂ. എന്നാൽ അത് ഏതൊക്കെ ഏജൻസികളാണ് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതുവഴി കോവിഡ്19 പോസിറ്റീവായ വ്യക്തികളുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ കഴിയുന്ന തരത്തിൽ വികസിപ്പിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. അതിനുശേഷമുള്ള മാസങ്ങളിൽ കമ്പനികൾ അവരുടെ സ്വന്തം മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഒരു കോൺടാക്റ്റ് ട്രെയ്‌സിങ് പ്ലാറ്റ്ഫോം സംയോജിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് പോസിറ്റീവായ ഒരാളുമായി അടുത്തിടപഴകുമ്പോൾ ആളുകളെ അറിയിക്കാൻ ബ്ലൂടൂത്ത് കണക്ഷനുകൾ വഴി വിവരങ്ങൾ കൈമാറ്റം ചെയ്യാൻ മൊബൈൽ ഉപകരണങ്ങളെ അനുവദിക്കുന്ന സാങ്കേതികവിദ്യയാണിത്. സാങ്കേതികവിദ്യ ഉപയോക്താക്കളുടെ ലൊക്കേഷനോ ഐഡന്റിറ്റിയോ ട്രാക്കുചെയ്യില്ലെന്നും പകരം ഉപയോക്താക്കളുടെ ഫോണുകൾ പരസ്പരം അടുത്തിരിക്കുമ്പോൾ മാത്രമേ ഡാറ്റ പിടിച്ചെടുക്കുകയുള്ളൂവെന്നും, കമ്പനികളുടെ സെർവറുകളേക്കാൾ ഉപയോക്താക്കളുടെ ഫോണിൽ ഡാറ്റ ഡീക്രിപ്റ്റ് ചെയ്യുമെന്നും കമ്പനികൾ പറഞ്ഞു. ജിപിഎസ് ലൊക്കേഷൻ ഡാറ്റ ശ്രമത്തിന്റെ ഭാഗമല്ലെന്ന് കമ്പനികൾ അറിയിച്ചു.
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷനുകളും മറ്റുള്ളവയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുടനീളം പ്രവർത്തിപ്പിക്കാൻ പാടുപെടുന്നതിനാൽ ആപ്പിളിന്റെയും ഗൂഗിളിന്റെയും പങ്കാളിത്തം അവരുടെ ശ്രമങ്ങൾക്ക് വളരെയധികം പ്രോത്സാഹനമാകുമെന്ന് നിരവധി ആരോഗ്യ സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെട്ടു.