
ന്യൂയോര്‍ക്ക്: വീഡിയോ സ്ട്രീമിങ് പ്ലാറ്റ്്ഫോമിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് മിക്ക വ്യവസായ ഭീമന്മാരും. ആമസോണും നെറ്റ്ഫ്‌ളിക്‌സും മാര്‍ക്കറ്റ് കീഴടക്കാനുള്ള പുത്തന്‍ ശ്രമങ്ങള്‍ നടത്തി വരവേയാണ് ഡിസ്‌നി പ്ലസ് കൂടി രംഗം കയ്യടക്കാന്‍ എത്തുന്നത്. ആമോസണിനോട് മത്സരിക്കാന്‍ ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ടും തങ്ങളുടെ വീഡിയോ പ്ലാറ്റ്‌ഫോം അടുത്തിടെ ഇറക്കിയിരുന്നു.
ഈ വേളയിലാണ് ഗാഡ്ജറ്റ് ഭീമനായ ആപ്പിളും പുത്തന്‍ വീഡിയോ പ്ലാറ്റ്‌ഫോമുമായി തരംഗം സൃഷ്ടിക്കാന്‍ എത്തുന്നത്. ആപ്പിള്‍ ടിവി പ്ലസ് എന്നാണ് പുത്തന്‍ വീഡിയോ പ്ലാറ്റ്‌ഫോമിന്റെ പേര്. പ്രതിമാസം 4.99 ഡോളര്‍ നിരക്കില്‍ ലഭിക്കുന്ന ആപ്പിള്‍ ടിവി പ്ലസിന്റെ വരവ് ആപ്പിളിന്റെ തലവനായ ടിം കുക്ക് തന്നെയാണ് പുറത്ത് വിട്ടത്.
ആപ്പിള്‍ ഒറിജിനല്‍ സീരിസ്, സിനിമകള്‍, ഷോകള്‍, കുട്ടികളുടെ പരിപാടികള്‍ എല്ലാം ഈ പ്ലാറ്റ്‌ഫോമില്‍ ആസ്വദിക്കാം. ആപ്പിളിന്റെ പുതിയ ഐഫോണ്‍, ഐപാഡ്, മാക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായി ആപ്പിള്‍ ടിവി പ്ലസ് ആസ്വദിക്കാം. ആപ്പിള്‍ ടിവി പ്ലസില്‍ ആദ്യം അവതരിപ്പിക്കുന്ന സീ എന്ന പരമ്പരയുടെ ട്രെയിലര്‍ ആപ്പിള്‍ ടിവി പ്ലസ് പ്രഖ്യാപിച്ച ചടങ്ങില്‍ പുറത്തുവിട്ടു. അക്വാമാന്‍ ആയി അഭിനയിച്ച ജേസണ്‍ മാമോവ ആണ് ഈ സീരിസിലെ പ്രധാന താരം.
മനോജ് നൈറ്റ് ശ്യാമളന്റെ അടക്കം പരമ്പരകള്‍ ആപ്പിള്‍ ടിവി പ്ലസില്‍ താമസിക്കാതെ എത്തും. ഓഫ് ലൈനായും ആപ്പിള്‍ ടിവി പ്ലസിലെ കണ്ടന്റ് കാണുവാനുള്ള സംവിധാനം ആപ്പിള്‍ ഒരുക്കുന്നുണ്ട്. ഇന്ത്യയില്‍ അടുത്ത കാലത്ത് ഇറോസ് തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കളുടെ സിനിമകള്‍ ആപ്പിള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ അടക്കം 100 ഒളം രാജ്യങ്ങളില്‍ ആപ്പിള്‍ ടിവി പ്ലസ് ലഭിക്കും എന്നാണ് സൂചന.