
ഐ ഫോണ്‍ നിര്‍മാണത്തിനായി ആപ്പിളുമായി കാരാറിലേര്‍പ്പെട്ട കമ്പനികളും സാംസങ്, ലാവ, ഡിക്സോണ്‍ തുടങ്ങിയവയും കേന്ദ്ര സര്‍ക്കാരിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യ(പിഎല്‍ഐ)ത്തിനായി ശ്രമം തുടങ്ങി. ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണമേഖലയിലെ ഉണര്‍വിനായി സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയുടെ ഭാഗമായാണ് വന്‍കിട കമ്പനികള്‍ ആനുകൂല്യത്തിനായി ഇലക്ട്രോണിക്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയങ്ങളെ സമീപിച്ചത്.
50,000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതി പ്രകാരം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കമ്പനികള്‍ക്ക് നല്‍കുക. ഏപ്രിലിലാണ് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ 11 ലക്ഷം കോടി മൂല്യമുള്ള മൊബല്‍ ഡിവൈസുകളും ഘടകഭാഗങ്ങളും നിര്‍മിക്കാനാണ് ഈ കമ്പനികള്‍ ലക്ഷ്യമിട്ടിട്ടുള്ളത്. 12 ലക്ഷം തൊഴിലവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. മൂന്നു ലക്ഷം പേര്‍ക്ക് നേരിട്ടം ഒമ്പതു ലക്ഷം പേര്‍ക്ക് പരോക്ഷമായുമാണ് തൊഴിലവസരമുള്ളത്.
സാംസങ്, ഫോക്സ്‌കോണ്‍, ഹോന്‍ഹായ്, റൈസിങ് സ്റ്റാര്‍, വിസ്ട്രോണ്‍, പെഗട്രോണ്‍ തുടങ്ങിയ വിദേശ സ്ഥാപനങ്ങളാണ് രംഗത്തുള്ളത്. ഇന്ത്യന്‍ കമ്പനികളായ ലാവ, ഡിക്സോണ്‍ ടെക്നോളജീസ്, മൈക്രോമാക്സ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകാന്‍ ശ്രമംനടത്തുന്നുണ്ട്. ഒമ്പതുലക്ഷം കോടി രൂപ മൂല്യമുള്ള മൊബൈല്‍ ഫോണുകളാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ കമ്പനികള്‍ നിര്‍മിക്കുക. 15,000രൂപയ്ക്കുംമുകലിലുള്ളവയായിരിക്കും ഈവിഭാത്തില്‍. 15,000 രൂപയ്ക്കുതാഴെയുള്ള മൊബൈല്‍ ഫോണുകളുമുണ്ടാകും. ഇവയുടെ മൊത്തം മൂല്യം രണ്ടു ലക്ഷം കോടി രൂപയുടേതാകുമെന്നാണ് കമ്പനികള്‍ നല്‍കിയ വിശദാംശങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
ഇതില്‍ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗട്രോണ്‍ എന്നിവ ആപ്പിളിനുവേണ്ടി ഐ ഫോണ്‍ നിര്‍മിക്കാന്‍ കരാറേറ്റെടുത്തിട്ടുള്ള കമ്പനികളാണ്. തായ് വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെഗാട്രോണ്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ നിക്ഷേപംനടത്തുന്നത്. ആഗോള തലത്തില്‍ മൊബൈല്‍ ഫോണ്‍ വില്പന വരുമാനത്തില്‍ 60ശതമാനത്തോളം വിഹിതമുള്ള കമ്പനികളാണ് ഐഫോണും സാംസങും.