
യുഎസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഒരു കമ്പനി ഇതാദ്യമായി രണ്ടു ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം നേടി. ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണ് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടു വര്‍ഷത്തിനിടെ ഇരട്ടിയായാണ് മൂല്യം വര്‍ധിച്ചത്. ഇതോടെ കമ്പനിയുടെ മൂല്യം ബ്രസീല്‍, ഓസ്ട്രേലിയ, കാനാഡ, റഷ്യ, ദക്ഷിണ കൊറിയ, സ്പെയിന്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയെ മറികടന്നു.
ഒരു ലക്ഷം കോടി ഡോളറിന് മുകളിലാണ് ഈ രാജ്യങ്ങളുടെ ജിഡിപി. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിളിന്റെ ഓഹരിവിലയില്‍ ഈവര്‍ഷം 60ശതമാനം നേട്ടമാണുണ്ടായത്. 1980 ഡിസംബര്‍ 12ന് ലിസ്റ്റ് ചെയ്ത കമ്പനി ഒരു ലക്ഷം കോടി വിപണിമൂല്യം മറികടക്കാന്‍ 40വര്‍ഷമെടുത്തു. അതിനിടയില്‍ നാലുതവണ ഓഹരി വിഭജിച്ചു.
മൈക്രോ സോഫ്റ്റും ആമസോണുമാണ് വിപണിമൂല്യത്തിന്റെകാര്യത്തില്‍ ആപ്പിളിനു പിന്നിലുള്ളത്. 1.6 ലക്ഷം കോടി ഡോളറാണ് ഈ കമ്പനികളുടെ മൂല്യം. ആല്‍ഫബറ്റിന്റെ മൂല്യമാകട്ടെ ഒരു ലക്ഷം കോടിക്കുമുകളിലുമാണ്.
കൂടുതല്‍ ജിഡിപിയുള്ള രാജ്യങ്ങളില്‍ യുഎസ് ആണ് ഒന്നാമത്. 21 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ ജിഡിപി. 19 ലക്ഷം കോടി ഡോളറുമായി യൂറോപ്യന്‍ യൂണിയനാണ് രണ്ടാം സ്ഥാനം. ചൈനയ്ക്ക് 14 ലക്ഷം കോടിയും ജപ്പാനും ജര്‍മനിക്കും അഞ്ച് ലക്ഷം കോടിയുമാണ് ജിഡിപി. ഇന്തയുടേത് 3 ലക്ഷം കോടി ഡോളറിനടുത്താണ്.