75 ബില്യണ്‍ ഡോളര്‍ ലാഭവിഹിതത്തിന് കടപ്പത്രവുമായി വീണ്ടും മൂലധന വിപണികളിലേക്കിറങ്ങാന്‍ ഒരുങ്ങി സൗദി അരാംകോ

June 04, 2021 |
|
News

                  75 ബില്യണ്‍ ഡോളര്‍ ലാഭവിഹിതത്തിന് കടപ്പത്രവുമായി വീണ്ടും മൂലധന വിപണികളിലേക്കിറങ്ങാന്‍ ഒരുങ്ങി സൗദി അരാംകോ

റിയാദ്: 75 ബില്യണ്‍ ഡോളറെന്ന ലാഭവിഹിത വാഗ്ദാനം നിറവേറ്റുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ കടപ്പത്രവുമായി വീണ്ടും മൂലധന വിപണികളിലേക്ക്. കടപ്പത്ര വില്‍പ്പനയിലൂടെ ലാഭവിഹിതം നല്‍കുന്നതിനാവശ്യമായ ഫണ്ട് കണ്ടെത്താന്‍ അരാംകോ പദ്ധതിയിടുന്നതായി സംഭവവുമായി ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചു. സുഖൂഖ്  അഥവാ ഇസ്ലാമിക് കടപ്പത്രം പുറത്തിറക്കുന്നതിനായി അരാംകോ പതിനഞ്ചോളം ബാങ്കുകളെ തെരഞ്ഞെടുത്തതായും കടപ്പത്ര വില്‍പ്പന ഈ മാസം തന്നെ ഉണ്ടാകുമെന്നും ബന്ധപ്പെട്ട സ്രോതസ്സുകള്‍ സൂചിപ്പിച്ചു. കടപ്പത്ര വില്‍പ്പനയിലൂടെ 5 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് അരാംകോ പദ്ധതിയിടുന്നത്.

ഡോളറിലും പ്രാദേശിക കറന്‍സിയായ റിയാലിലുമുള്ള സുഖൂഖ് വില്‍പ്പനയാണ് അരാംകോ പരിഗണിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും വിപണി സാഹചര്യങ്ങള്‍ പ്രതികൂലമായാല്‍ കടപ്പത്ര വില്‍പ്പനയില്‍ നിന്നും സൗദിയിലെ പൊതുമേഖല എണ്ണക്കമ്പനി പിന്മാറിയേക്കുമെന്നും സ്രോതസ്സുകള്‍ അറിയിച്ചു. അരാംകോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.   

അടുത്ത കാലത്തായി ധനസമാഹരണത്തിന് വേണ്ടി കടപ്പത്ര വില്‍പ്പനയെ ആശ്രയിക്കുന്ന പ്രവണത ഗള്‍ഫിലെ എണ്ണക്കമ്പനികള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. ഖത്തര്‍ പെട്രോളിയം വരും ആഴ്ചകളില്‍ 10 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ പുറത്തിറക്കിയേക്കും. എനര്‍ജി ഡെവലപ്മെന്‍് ഒമാനും കടപ്പത്ര വില്‍പ്പനയിലൂടെ 3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

ആഗോള എണ്ണ,പ്രകൃതി വാതക വിപണികള്‍ വളര്‍ച്ച വീണ്ടെടുത്തതോടെ ഈ വര്‍ഷം ആദ്യപാദത്തില്‍ അരാംകോയുടെ അറ്റാദായം കുതിച്ചുയര്‍ന്നിരുന്നു. എങ്കിലും ആദ്യപാദ ലാഭവിഹിതമായ 18.75 ബില്യണ്‍ ഡോളര്‍ നല്‍കുന്നതിനാവശ്യമായ തരത്തില്‍ ധനലഭ്യത ഉയര്‍ന്നില്ല. മാത്രമല്ല, കമ്പനിയുടെ ആദായത്തിന്റെ ഏറിയ പങ്കും സൗദി സര്‍ക്കാരിലേക്കാണ് പോകുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദത്തിന്റെ 12 ശതമാനമായി ഉയര്‍ന്ന ധനക്കമ്മി കുറയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ് സൗദി സര്‍ക്കാര്‍. കഴിഞ്ഞ ഒക്ടോബറിന് ശേഷം എണ്ണവില കുതിച്ചുയര്‍ന്നത് സൗദിക്ക് ആശ്വാസകരമാണ്. ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളെല്ലാം പൗരന്മാര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുകയും ബിസിനസുകള്‍ പുനഃരാരംഭിക്കുകയും ചെയ്തതോടെ എണ്ണയ്ക്ക് വില ബാരലിന് 70 ഡോളറില്‍ വരെ എത്തിയിരുന്നു. കയറ്റുമതി നിയന്ത്രിക്കാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് തീരുമാനിക്കുകയും കൂടി ചെയ്തതോടെ എണ്ണവില സ്ഥിരത നിലനിര്‍ത്തി.

Related Articles

© 2025 Financial Views. All Rights Reserved