
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖലാ വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ താത്പര്യമുണ്ട് എന്നറിയിച്ച് ഇന്ന് ഔദ്യോഗികമായിത്തന്നെ രംഗത്തുവന്നിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ഇന്ന് കേന്ദ്ര ഓഹരിവിറ്റഴിക്കല്‍ മന്ത്രാലയത്തിന് തങ്ങളുടെ താത്പര്യ പത്രം നല്‍കിയ ടാറ്റാ ഗ്രൂപ്പ് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ കൃത്യമായ ഒരു ഫിനാന്‍ഷ്യല്‍ ബിഡും സമര്‍പ്പിക്കും.
താത്പര്യ പത്രങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പിന്റെ കാലാവധി ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് തങ്ങള്‍ താത്പര്യ പത്രം സമര്‍പ്പിച്ചത് എന്നും, ഫിനാന്‍ഷ്യല്‍ ബിഡ് പിന്നാലെ നല്‍കുമെന്നും ടാറ്റ ഗ്രൂപ്പിന്റെ പ്രതിനിധികള്‍ അറിയിച്ചത്. നിലവില്‍ എയര്‍ ഏഷ്യയിലും, സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോട് ചേര്‍ന്നുകൊണ്ട് വിസ്താരയിലും ആണ് ടാറ്റ ഗ്രൂപ്പിന്റെ വ്യോമയാനനിക്ഷേപങ്ങള്‍ ഉള്ളത്. എയര്‍ ഏഷ്യ ഇന്ത്യ എന്ന സ്ഥാപനം വഴിയാണ് ടാറ്റാ സണ്‍സ് തങ്ങളുടെ താത്പര്യപത്രം സമര്‍പ്പിച്ചിട്ടുള്ളത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ 60,000 കോടിയുടെ കടമാണ് എയര്‍ ഇന്ത്യക്ക് ആകെയുള്ളത്. പുതുതായി നിക്ഷേപം നടത്തുന്ന ബിസിനസ് ഗ്രൂപ്പ് ഏതായാലും അവര്‍ക്ക് 23,286 കോടിയുടെ കടം ഏറ്റെടുക്കേണ്ടി വരും. ബാക്കി കടം സര്‍ക്കാര്‍ പുതുതായി രൂപീകരിച്ചിട്ടുള്ള എയര്‍ ഇന്ത്യ അസെറ്റ്‌സ് ഹോള്‍ഡിങ് എന്ന സ്ഥാപനത്തിന്റെ കണക്കിലേക്ക് മാറ്റപ്പെടും.
എയര്‍ ഇന്ത്യയുടെ വിപണിമൂല്യം, ഹ്രസ്വകാല, ദീര്‍ഘകാല കടങ്ങള്‍, ബാലന്‍സ് ഷീറ്റില്‍ ഉള്ള കാഷ് എന്നിങ്ങനെ പലതും കണക്കിലെടുത്ത് അതിന്റെ എന്റര്‍പ്രൈസ് മൂല്യം കണക്കാക്കി ആകും അതിന്റെ ഓഹരികള്‍ വിറ്റഴിക്കപ്പെടുന്നത്. 2018ല്‍ ഇതിനു മുമ്പും എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരു ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു എങ്കിലും, അന്ന് ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനാല്‍ അത് നടന്നില്ല.
ടാറ്റയും എയര്‍ ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ചുരുങ്ങിയത് 88 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. ഈ വിമാനക്കമ്പനി തുടങ്ങുന്നത് 1932ല്‍ ജെആര്‍ഡി ടാറ്റ ടാറ്റ എയര്‍ സര്‍വീസസ് എന്നപേരില്‍ ഒരു വിമാനക്കമ്പനി തുടങ്ങുന്നതോടെയാണ്. അത് അധികം താമസിയാതെ ടാറ്റ എയര്‍ലൈന്‍സ് എന്ന് പേരുമാറ്റുന്നു. പ്രസ്തുത കമ്പനിയുടെ ആദ്യത്തെ യാത്ര ബോംബെയില്‍ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു. 1946ല്‍ ഈ കമ്പനി ദേശസാല്‍ക്കരിക്കപ്പെടുന്നു, ഗവണ്മെന്റ് ഇതിന്റെ പേര് 'എയര്‍ ഇന്ത്യ' എന്നാക്കി മാറ്റുന്നു.
എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് അധഃപതിച്ചതും, പതിറ്റാണ്ടുകള്‍ക്ക് ശേഷം ടാറ്റ സണ്‍സ് ഒരിക്കല്‍ തങ്ങളുടേതായിരുന്ന ഈ വിമാനക്കമ്പനിയെ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതും ഒക്കെ ചേര്‍ന്ന് വല്ലാത്തൊരു ചരിത്ര സന്ധിയിലേക്കാണ് കാര്യങ്ങള്‍ നീക്കുന്നത്. എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സാധിച്ചാല്‍ അത് ടാറ്റയ്ക്ക് ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളില്‍ 23 ശതമാനത്തോളം ബിസിനസ്സും, വിദേശ റൂട്ടുകളില്‍ സമഗ്രാധിപത്യവും നല്‍കും. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഇന്നുവരെ കാര്യമായ നിക്ഷേപങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ലാത്ത ടാറ്റ എന്തുകൊണ്ടും ഇത്തരത്തില്‍ ഒരവസരത്തെ പരമാവധി പ്രയോജനപ്പെടുത്തും എന്നുവേണം കരുതാന്‍.