
കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൊറോണ ഇന്‍ഷുറന്‍സ് പോളിസികളുടെ വില്‍പ്പനയില്‍ അഞ്ച് മടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പെയ്മെന്റ്സ് ആപ്പ് കമ്പനിയായ ഫോണ്‍ പേ പറയുന്നു. മഹാരാഷ്ട്ര. ആന്ധ്ര പ്രദേശ്, കര്‍ണാടക, തെലുങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് പോളിസി വില്‍പ്പനയില്‍ മുന്നിലുള്ളത്. ചെറിയ നഗരങ്ങളിലാണ് 75 ശതമാനം പോളിസികളുടെയും വില്‍പ്പന നടന്നിരിക്കുന്നതെന്ന് ഫോണ്‍ പേ പറഞ്ഞു.
ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിയാണ് ഫോണ്‍ പേ വില്‍ക്കുന്നത്. ഇത് രോഗത്ത് പ്രത്യേക കവറേജ് നല്‍കുന്ന പോളിസിയാണ്. 396 രൂപ പ്രതിവര്‍ഷ പോളിസിയിലാണ് കോവിഡ് പരിരക്ഷ ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നത്. 50,000 രൂപയാണ് കവറേജ്. 1 ലക്ഷം രൂപ കവറേജ് നല്‍കുന്ന പോളിസിയില്‍ 541 രൂപയാണ് പ്രീമിയം തുക. 18 മുതല്‍ 55 വയസ്സുവരെ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും ഈ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കും.
സുരക്ഷാ ഉപകരണങ്ങളായ പിപിഇ, ഗ്ലൗസുകള്‍, മാസ്‌ക്, ഐസിയു, ഓക്സിജന്‍, വെന്റിലേറ്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള ആശുപത്രി ചിലവുകള്‍ പോളിസിയില്‍ കവര്‍ ചെയ്യപ്പെടുന്നുണ്ട്. പോളിസി വാങ്ങിയത് തീയ്യതിക്ക് 15 ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് കവറേജ് ലഭിച്ചു തുടങ്ങുക. ഇതുവരെ 3.5 കോടി രൂപയാണ് ക്ലെയിം ഇനത്തില്‍ കമ്പനി നല്‍കിയിരിക്കുന്നത്. ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ഡെല്‍ഹി. കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ക്ലെയിമുകള്‍ തീര്‍പ്പാക്കി കഴിഞ്ഞുവെന്നും കമ്പനി അറിയിച്ചു.
ഏതെങ്കിലും ഒരു രോഗത്തിന് പ്രത്യേകമായി കവറേജ് നല്‍കുന്ന പോളിസി ഒരിക്കലും നിങ്ങള്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് പകരമാണെന്ന് കരുതരുത്. മറ്റ് രോഗങ്ങള്‍ക്ക് കൂടി കവറേജ് നല്‍കുന്ന നിങ്ങളുടെ പ്രധാന ഇന്‍ഷുറന്‍സ് പോളിസിയോടൊപ്പം ആവശ്യമെന്ന് തോന്നുന്നുവെങ്കില്‍ ഇത്തരം ഒരു പോളിസി കൂടി വാങ്ങിക്കുന്നതാണ് ഉചിതം.