63 കമ്പനികള്‍ ഈ വര്‍ഷം ഐപിഒയിലൂടെ നേടിയത് 1.19 ലക്ഷം കോടി രൂപ

December 24, 2021 |
|
News

                  63 കമ്പനികള്‍ ഈ വര്‍ഷം ഐപിഒയിലൂടെ നേടിയത് 1.19 ലക്ഷം കോടി രൂപ

ഈ വര്‍ഷം ഇതുവരെ 63 കമ്പനികളാണ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) വിപണിയുടെ ഭാഗമായത്. ഐപിഒകളിലൂടെ ഏറ്റവും അധികം തുക സമാഹരിച്ച വര്‍ഷമാണ് 2021. ആകെ 1119,882 കോടി രൂപയാണ് കമ്പനികള്‍ ഐപിഒ നടത്തി നേടിയത്. 2017ല്‍ 68,827 കോടി രൂപ സമാഹരിച്ച ഇന്ത്യന്‍ ഐപിഒയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് ആണ് 2021 മറികടന്നത്. 2017നെ അപേക്ഷിച്ച് 73 ശതമാനത്തിന്റെ വര്‍ധവനാണ് ഈ വര്‍ഷം ഉണ്ടായത്.

1,884 കോടിയായിരുന്നു ഈ വര്‍ഷത്തെ ശരാശരി ഐപിഒ തുക. പേടിഎമ്മിന്റെ ഉടമകളായ വണ്‍97 ആണ് ഏറ്റവും വലിയ ഐപിഒ നടത്തിയത്. പേടിഎമ്മിന്റെ 18,300 കോടിയുടെ ഐപിഒ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയായിരുന്നു. 36 ഐപിഒകള്‍ വിപണിയില്‍ നിന്ന് വലിയ പ്രതികരണത്തോടെ പത്തിലധികം തവണ ഓവര്‍ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഇവയില്‍ ആറെണ്ണം 100ഃ ല്‍ അധികം സബ്സ്‌ക്രൈബ് ചെയ്തവയാണ്. എട്ടെണ്ണം മൂന്ന് തവണയിലധികം സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടപ്പോള്‍ ബാക്കി 15 എണ്ണം ഒന്നിനും മൂന്നിനും ഇടയില്‍ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടവയാണ്.

63 കമ്പനികളില്‍ 25 എണ്ണവും ഐപിഒയ്ക്ക് മുന്നോടിയായി നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു. ആകെ ഐപിഒകളിലൂടെ ലഭിച്ചതിന്റെ 20 ശതമാനം (24,106 കോടി) വരും ഇങ്ങനെ ലഭിച്ച തുക. റീട്ടെയില്‍ നിക്ഷേപകരില്‍ നിന്നുള്ള പങ്കാളിത്തവും ഈ വര്‍ഷം വര്‍ധിച്ചു. ഇവരില്‍ നിന്നുള്ള അപേക്ഷകളുടെ ശരാശരി എണ്ണം 1.43 മില്യണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 1.27 മില്യണും 2019ല്‍ 4.05 ലക്ഷവും ആയിരുന്നു.

റീറ്റെയ്ല്‍ നിക്ഷേപകരില്‍ നിന്ന് ഏറ്റവും അധികം അപേക്ഷകള്‍ (3.39 മില്യണ്‍) ലഭിച്ചത് ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സ് ഐപിഒയ്ക്ക് ആണ്. ദേവയാനി ഇന്റര്‍നാഷണല്‍, ലേറ്റന്റ് എന്നിവയാണ് പിന്നാലെ. ഇതുവരെ ലിസ്റ്റ് ചെയ്ത 58 കമ്പനികളില്‍ 34 എണ്ണവും ലിസ്റ്റ് ചെയ്ത സമയത്ത് നിക്ഷേപകര്‍ക്ക് 10 ശതമാനത്തോളം നേട്ടം നല്‍കി.

ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയ ഓഹരികള്‍ സിഗാച്ചി ഇന്‍ഡസ്ട്രീസിന്റേതായിരുന്നു (270 ശതമാനം). പരാസ് ഡിഫന്‍സ്(185%), ലേറ്റന്റ് വ്യൂ(148%) എന്നിവയാണ് ലിസ്റ്റ് ചെയ്ത സമയത്ത് കൂടുതല്‍ നേട്ടം നല്‍കിയ മറ്റ് ഐപിഒകള്‍. ഡിസംബര്‍ 22ലെ കണക്കുകള്‍ പ്രകാരം ഐപിഒ നടത്തിയ 40 കമ്പനികളുടെ ഓഹരികളും ഇഷ്യൂ പ്രൈസിനെക്കാള്‍ ഉയര്‍ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ലിസ്റ്റിംഗ് സമയത്തെ കമ്പനികളുടെ ശരാശരി നേട്ടം 32 ശതമാനം ആയിരുന്നു. 44 ശതമാനം ആയിരുന്നു 2020ലെ നേട്ടം.

Read more topics: # ഐപിഒ, # ipo,

Related Articles

© 2025 Financial Views. All Rights Reserved