സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് ഈടാക്കുന്നത് വന്‍ തുക; 700 രൂപ മുതല്‍ 1,500 രൂപ വരെ!

May 10, 2021 |
|
News

                  സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് ഈടാക്കുന്നത് വന്‍ തുക; 700 രൂപ മുതല്‍ 1,500 രൂപ വരെ!

രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് ഈടാക്കുന്നത് വന്‍ തുക. 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള ഒറ്റഡോസ് പ്രതിരോധ കുത്തിവെപ്പിന് 700 രൂപ മുതല്‍ 1,500 രൂപ വരെയാണ് ആശുപത്രികള്‍ വാങ്ങുന്നത്. വാക്സിന്‍ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യേണ്ട കോവിന്‍ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. നേരത്തെ 45 വയസ്സിനുമുകളിലുള്ളവരില്‍ നിന്ന് ഈടാക്കിയതിന്റെ ആറിരട്ടിയാണ് വര്‍ധന.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവീഷീല്‍ഡിന് സ്വകാര്യ ആശുപത്രികള്‍ 700-900 രൂപയാണ് ഈടാക്കുന്നത്. ഭാരത് ബയോടെകിന്റെ കോവാക്സിനാകട്ടെ 1,250-1,500 രൂപയാണ് നല്‍കേണ്ടി വരുന്നത്. രാജ്യത്ത് നിര്‍മിക്കുന്ന രണ്ട് വാക്സിനുകള്‍ക്ക് ഇരട്ടിയിലേറെ വില വ്യത്യാസമാണുള്ളത്. അപ്പോളോ, മാക്സ്, ഫോര്‍ട്ടിസ്, മണിപ്പാല്‍ ഹോസ്പിറ്റല്‍ ശൃംഖലകളാണ് വന്‍തോതില്‍ വാക്സിന്‍ ശേഖരിച്ച് കുത്തിവെപ്പ് നടത്തുന്നത്.

ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും കോവീഷീല്‍ഡിനും കോവാക്സിനും 250 രൂപ നിരക്കിലാണ് സ്വകാര്യ ആശുപത്രികള്‍വഴി പൊതുജനങ്ങളില്‍നിന്ന് ഈടാക്കിയത്. 150 രൂപ വാക്സിന്റെ വിലയും 100 രൂപ കുത്തിവെപ്പിനുള്ള നിരക്കുമായിരുന്നു. എന്നാല്‍ വാക്സിനുപുറമെ കുത്തിവെപ്പിനുമാത്രം 250-300 രൂപ നിരക്കാണ് ആശുപത്രികള്‍ ഇപ്പോള്‍ ഈടാക്കുന്നത്. 670 രൂപ നിരക്കിലാണ് കോവീഷീല്‍ഡ് ആശുപ്രതികള്‍ക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാനിറ്റൈസര്‍, പിപിഇ കിറ്റ്, ബയോമെഡിക്കല്‍ മാലിന്യസംസ്‌കരണം തുടങ്ങിയവയ്ക്കായി 180 രൂപയോളം ചെലവുവരുമെന്നാണ് ആശുപ്രതികള്‍ പറയുന്നത്.

Related Articles

© 2025 Financial Views. All Rights Reserved