
കൊറോണ വൈറസ് മഹാമാരി മൂലമുള്ള സാമ്പത്തിക ഇടിവ് ലാഭവളര്‍ച്ചയ്ക്ക് ഭീഷണിയാകുമ്പോഴും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് വാഗ്ദാനം ചെയ്തു. ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ആക്‌സിസ് ബാങ്ക് ലിമിറ്റഡ് ഒക്ടോബര്‍ 1 മുതല്‍ 4 ശതമാനത്തിനും 12 ശതമാനത്തിനും ഇടയില്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന് വെളിപ്പെടുത്തിരിക്കുന്നത്.
76,000 ത്തോളം ജോലിക്കാരുള്ള മുംബൈ ആസ്ഥാനമായുള്ള ആക്‌സിസ് ബാങ്ക് ജീവനക്കാര്‍ക്ക് ബോണസും നല്‍കി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് പ്രകടനത്തെ അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് ഏപ്രിലില്‍ ശമ്പളം വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ ബോണസ് നല്‍കുകയും ചെയ്തു. രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് 100,000 ജീവനക്കാരില്‍ 80% പേര്‍ക്കും ബോണസും ജൂലൈ മുതല്‍ ശമ്പള വര്‍ധനയും നല്‍കിയിരുന്നു.
കൊറോണ വൈറസ് മഹാമാരി പ്രാദേശിക, ആഗോള തലത്തില്‍ പല ജോലികളിലും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനും പ്രേരിപ്പിക്കുന്നതിനിടയിലാണ് ആക്‌സിസ് ബാങ്കിലെ ശമ്പള വര്‍ദ്ധനവ്. പല ബാങ്കുകളും ചെലവ് കുറയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് 2.5 ദശലക്ഷത്തിലധികം രൂപ സമ്പാദിക്കുന്ന എക്‌സിക്യൂട്ടീവുകള്‍ക്ക് 10% ശമ്പളം വെട്ടിക്കുറയ്ക്കും. സീനിയര്‍ മാനേജ്മെന്റ് തലത്തില്‍ ശമ്പളത്തില്‍ 15% കുറവും നടപ്പിലാക്കിയിട്ടുണ്ട്.
കൊവിഡ് -19 ബാങ്കിന്റെ ആസ്തിയുടെ ഗുണനിലവാരത്തെയും ലാഭത്തെയും വെല്ലുവിളിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ് ജൂണ്‍ മാസത്തില്‍ ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചിരുന്നു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം ഒരു വര്‍ഷം മുമ്പുള്ള 14.6 ശതമാനത്തില്‍ നിന്ന് മാര്‍ച്ചോടെ ഇത് 11.8 ശതമാനമായി കുറയുമെന്നാണ് പ്രവചനം.