
ന്യൂഡല്‍ഹി: ലോകത്തിലേറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളാണ് അസിം പ്രേംജി. സമ്പത്തിലെ ലാഭ നഷ്ട കണക്കുകള്‍ നോക്കുമ്പോള്‍ തന്നെ ലോകത്തിലേറ്റവും വലിയ കോടീശ്വരനാണ് അസിം പ്രേംജി. വിപ്രോ സ്ഥാപകനായ അസിം പ്രേംജിയുടെ ആസ്തി നഷ്ടം ഏകദേശം 98000 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഐടി സ്ഥാപകനായ അസിം പ്രേംജി തനിക്ക് വിപ്രോയില്‍ അവകാശമുള്ള ആസ്തികള്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചതോടെ് ആസ്തികളില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം ഫോബ്‌സ് തയ്യാറാക്കിയ പുതിയ പട്ടികയിലെ വിവരങ്ങള്‍ അനുസരിച്ച് 2019 ല്‍ ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കി വെച്ച കോടീശ്വരന്‍ ഇന്ത്യക്കാരനായ അസിം പ്രേംജിയാണ്. വിപ്രോയില്‍ തനിക്ക് പങ്കാളിത്തമുള്ള 7.6 ബില്യണ്‍ ഡോളറാണ് അസിം പ്രേംജി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത്. അസിം പ്രേംജി ഫൗണ്ടേഷനാണ് അദ്ദേഹം ഭീമമായ തുക നല്‍കിയിട്ടുള്ളത്.
വിപ്രോയുടെ തലപ്പത്ത് നിന്ന് അഞ്ച് പതിറ്റാണ്ട് കാലത്തെ സേവനം അവസാനിപ്പിച്ച് കഴിഞ്ഞ ജൂലൈയിലായിരുന്നു അസിം പ്രേംജി സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങിയത്. തന്റെ കൈവശമുള്ള ഭൂരിഭാഗം ആസ്തിയും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു അസിം പ്രേംജിയുടെ പടിയിറക്കം.
1966ല്‍ 21 ആം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 53 വര്‍ഷക്കാലം വിപ്രോയുടെ നേതൃത്വം നല്‍കി. കൊച്ചു വെജിറ്റബിള്‍ ഓയില്‍ കമ്പനി സ്ഥാപനത്തെ 8.5 ബില്യണ്‍ ഡോളറിന്റെ ആഗോള ഐടി പവര്‍ഹൗസാക്കി മാറ്റുകയായിരുന്ന പ്രേംജി. 2018-19 ല്‍ 2 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള തന്റെ ഐടി ഇതര വിഭാഗമായ വിപ്രോ എന്റര്‍പ്രൈസസിനെ ആഗോള എഫ്എംസിജി (അതിവേഗം നീങ്ങുന്ന ഉപഭോക്തൃവസ്തുക്കള്‍), ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണക്കാരായി മാറ്റിയതും അദ്ദേഹത്തിന്റെ മികവാണ്.
2019ല്‍ പ്രേംജിയുടെ ആസ്തി എന്നത് 22 ബില്യണ്‍ യുഎസ് ഡോളറാണ്. മാത്രമല്ല 90,031 മില്യണ്‍ രൂപ വിപ്രോയ്ക്ക് ലാഭം കിട്ടിയിരിക്കുന്ന വേളയില്‍ 18 മില്യണ്‍ രൂപയാണ് പ്രേംജിയുടെ ശമ്പളം. ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം വിപ്രോയുടെ 35 ശതമാനം ഷെയറുകളാണ് പ്രേംജി ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയത്. 7.5 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന ഷെയറുകളാണിവ. ഇത് ഏകദേശം 5173 കോടി ഇന്ത്യന്‍ രൂപ വരും. 2018ല്‍ വിപ്രോയുടെ ലാഭം 80,081 മില്യണ്‍ രൂപയായിരുന്നു. മാത്രമല്ല 8.7 മില്യണ്‍ രൂപയായിരുന്നു പ്രേംജിയുടെ ശമ്പളം.