
2025 ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ലക്ഷം കോടി ഡോളറാക്കി ഉയര്‍ത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. പക്ഷെ നിലവിലെ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കാണുന്ന സ്വപ്‌നം യാഥാര്‍ത്ഥ്യ ബോധ്യത്തോടെയുള്ളതല്ലെന്നാണ് മുന്‍ ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മോണ്‍ടെക്‌സിങ് അലുവാലിയ പറയുന്നത്. രാജ്യം അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയായി വളരുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അഞ്ച് വര്‍ഷം കൊണ്ട് ഇത് സാധ്യമാകില്ല. കാര്യകാരണങ്ങള്‍ സഹിതമാണ് അദേഹം ഇക്കാര്യം പങ്കുവെക്കുന്നത്.
അഞ്ച്‌ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയില്‍ എത്തണമെങ്കില്‍ വരുന്ന ആറ് വര്‍ഷക്കാലം രാജ്യത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് ഒമ്പത് ശതമാനത്തില്‍ താഴെ പോകരുത്. നടപ്പ് സാമ്പത്തിക വര്‍ഷം പരിശോധിച്ചാല്‍ അഞ്ച് ശതമാനത്തിന് താഴെ മാത്രമാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്. വരും വര്‍ഷം സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രവചനം. ശരിയായിരിക്കാം. എന്നാല്‍ ഒമ്പത് ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ല.കഴിഞ്ഞകാലങ്ങളിലെ തളര്‍ച്ചയില്‍ നിന്നും വിടുതല്‍ നേടാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് ആലുവാലിയ അറിയിച്ചു. എന്തായാലും ഇന്ത്യ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ഇതിനായി ധൃതി കൂട്ടിയിട്ട് കാര്യമില്ല. എട്ടു ശതമാനം വളര്‍ച്ചയാകണം വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ലക്ഷ്യമിടേണ്ടത്.
ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കാന്‍ എട്ടു ശതമാനം വളര്‍ച്ച സഹായിക്കും. എന്നാല്‍ എട്ടു ശതമാനം വളര്‍ച്ച വരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ? ചോദ്യത്തിനുള്ള മറുപടി ആലുവാലിയ തന്നെ പറയുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ ജിഡിപി നിരക്ക് 8.5 ശതമാനമാണ് കുതിച്ചുയര്‍ന്നത്. 2018-19 കാലയളവില്‍ 6.8 ശതമാനമായിരുന്നു സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച. 2019-20 ആയപ്പോഴേക്കും വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനത്തിലേക്ക് ചുരുങ്ങി.
അടുത്ത സാമ്പത്തിക വര്‍ഷം (202021) സാമ്പത്തിക നില 6 മുതല്‍ 6.5 ശതമാനം വരെ മെച്ചപ്പെടുമെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ പ്രവചിക്കുന്നുണ്ട്്. ആലുവാലിയയുടെ നിരീക്ഷണത്തില്‍ നോട്ടുനിരോധനമാണ് ഇന്ത്യയെ പിന്നോട്ടടിച്ച പ്രധാന ഘടകം. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടില്ല. 2016 നവംബര്‍ എട്ടിന് നരേന്ദ്ര മോദി സര്‍ക്കാര്‍ തിടുക്കപ്പെട്ട് 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചു.
ഫലമോ, രാജ്യമെങ്ങും പുതിയ നോട്ടുകള്‍ കൃത്യമായി എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പണത്തിന്റെ ലഭ്യതക്കുറവ് കാര്‍ഷിക, അസംഘടിത മേഖലകളെയാണ് സാരമായി ബാധിച്ചത്, ആലുവാലിയ വ്യക്തമാക്കി. നോട്ട് നിരോധനം കഴിഞ്ഞ് എട്ടു മാസമായപ്പോഴേക്കും സര്‍ക്കാര്‍ ചരക്ക് സേവന നികുതി നിയമം അവതരിപ്പിച്ചു. എന്തായാലും നോട്ടു നിരോധനത്തെ അപേക്ഷിച്ച് ജിഎസ്ടിക്ക് വലിയ പിന്തുണയാണ് സാമ്പത്തിക മേഖലയില്‍ ലഭിച്ചത്.പരോക്ഷ നികുതി വ്യവസ്ഥയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവാരന്‍ ജിഎസ്ടിക്ക് കഴിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി. കേന്ദ്ര ഖജനാവിലേക്ക് കൂടുതല്‍ പണം കണ്ടെത്താനും രാജ്യത്തെ നികുതി സംവിധാനങ്ങള്‍ ലളിതമാക്കാനും ജിഎസ്ടിക്ക് കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം ഉയര്‍ത്തിയത്. എന്നാല്‍ ഈ രണ്ടു ലക്ഷ്യങ്ങളും കൈവരിക്കാന്‍ ജിഎസ്ടിക്ക് സാധിച്ചില്ല.
ജിഎസ്ടി നിരക്കില്‍ അടിക്കടിയുള്ള മാറ്റം കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ജിഎസ്ടി കൗണ്‍സിലിനെ സ്വാധീനിച്ചാല്‍ നിരക്ക് പരിഷ്‌കരിക്കപ്പെടുമെന്ന തെറ്റായ സന്ദേശമാണ് ആളുകള്‍ക്ക് ലഭിക്കുന്നത്, ആലുവാലിയ ചൂണ്ടിക്കാട്ടി. ഒരു കാലത്ത് ഇന്ത്യ കുറിച്ച ഉയര്‍ന്ന വളര്‍ച്ച അവിചാരിതമല്ലെന്ന് ഇദ്ദേഹം പറയുന്നു. ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും എടുത്ത നയങ്ങളുടെ പ്രതിഫലനമാണിത്.ഇന്ത്യ പോലൊരു സങ്കീര്‍ണായൊരു രാജ്യത്ത് സ്വതന്ത്ര താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി നയങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ കാര്യമില്ല. രാജ്യത്തെ ബിസിനസ് വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും അഭിപ്രായങ്ങള്‍ തുറന്നുപറയാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും സാഹചര്യം ഒരുങ്ങണം. എങ്കില്‍ മാത്രമേ പാകപ്പിഴവുകള്‍ അറിയാനും പരിഹരിച്ച് മുന്നേറാനും സാധിക്കുകയുള്ളൂ മോണ്‍ടെക് സിങ് ആലുവാലിയ പറഞ്ഞു.