
മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഡിസംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 1,027 കോടി രൂപയുടെ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞ പ്രൊവിഷനുകള്‍ കാരണം വാര്‍ഷികാടിസ്ഥാനത്തില്‍ 90 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. അതിന്റെ മൊത്തം പ്രൊവിഷനുകള്‍ 81 ശതമാനം കുറഞ്ഞ് 335 കോടി രൂപയായി. അറ്റ പലിശ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9 ശതമാനം കുറഞ്ഞ് 3,408 കോടി രൂപയായി. ലാഭത്തിന്റെ പ്രധാന സൂചകമായ ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) തുടര്‍ച്ചയായ അടിസ്ഥാനത്തില്‍ 15 ബേസിസ് പോയിന്റ് (ബിപിഎസ്) കുറഞ്ഞു.
ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം 65 ശതമാനത്തില്‍ നിന്ന് 70 ശതമാനത്തില്‍ എത്തി. മുന്‍ രണ്ട് പാദങ്ങളിലെ 1-2 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 5.4 ശതമാനം വളര്‍ച്ചയാണ് ഞങ്ങള്‍ കണ്ടത്. നാലാം പാദത്തിലും മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് എ കെ ദാസ് പറഞ്ഞു. ആസ്തിയുടെ വളര്‍ച്ചയ്ക്കും മൊത്ത നിഷ്‌ക്രിയ ആസ്തിയുടെ ഇടിവിനും ഈ പാദം സാക്ഷ്യം വഹിച്ചു. ഡിസംബര്‍ പാദത്തില്‍ 1,845 കോടി രൂപയുടെ വായ്പകള്‍ എന്‍പിഎ വിഭാഗത്തിലേക്ക് മാറി. ഇത് സെപ്റ്റംബര്‍ പാദത്തിലെ 1,307 കോടിയേക്കാള്‍ ഉയര്‍ന്നതാണ്.