
ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ സംബന്ധിച്ച നിര്‍ണായക മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയിലെ ബാങ്കിംഗ് രംഗം ഇതുവരെ കാണാത്ത വിധത്തിലുള്ള നിഷ്‌ക്രിയാസ്തി വര്‍ധനയാകും അടുത്ത ആറുമാസത്തിനുള്ളില്‍ സംഭവിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇനിയുള്ള ആറുമാസക്കാലം ബാങ്കുകളിലെ എന്‍പിഎ ഇതുവരെ കാണാത്ത വിധം കൂടുമെന്നും ആ പ്രശ്നം നേരത്തെ തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ് വരാനിരിക്കുന്ന പ്രതിസന്ധികളെ നേരിടാന്‍ വേണ്ട കാര്യമെന്നും രഘുറാം രാജന്‍ പറയുന്നു.
ഡല്‍ഹി ആസ്ഥാനമായുള്ള ഒരു സംഘടന നടത്തിയ വെര്‍ച്വല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിംഗ് സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ വേണ്ടി ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുകള്‍ അതിന്റെ ഉദ്ദേശലക്ഷ്യം സാക്ഷാത്കരിച്ചിട്ടില്ലെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച ഇപ്പോഴുള്ള നല്ല കാര്യം കാര്‍ഷിക മേഖലയുടെ പ്രകടനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.