
മുംബൈ: കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്തെ വാണിജ്യബാങ്കുകള്‍ പാപ്പരത്ത നടപടിയിലൂടെ തിരിച്ചുപിടിച്ചത് 1.05 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ആകെ തിരിച്ചുപിടിച്ച 1.72 ലക്ഷം കോടി രൂപയുടെ 61 ശതമാനം വരുമിത്. 2018-'19ല്‍ ഇത് 56 ശതമാനം വരെയായിരുന്നു. 2019-'20 സാമ്പത്തികവര്‍ഷത്തെ ബാങ്കിങ് മേഖലയിലെ പുരോഗതിയും മാറ്റങ്ങളും സംബന്ധിച്ച ആര്‍.ബി.ഐ. റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
വിവിധ രീതികളിലായി 2019-'20 സാമ്പത്തികവര്‍ഷത്തില്‍ ആകെ 1,72,565 കോടി രൂപയുടെ കിട്ടാക്കടമാണ് വാണിജ്യ ബാങ്കുകള്‍ തിരിച്ചുപിടിച്ചത്. ഇതില്‍ 1,05,773 കോടിയും പാപ്പരത്ത നടപടി (ഐ.ബി.സി.) വഴിയായിരുന്നു.
2018-ല്‍ 1,18,647 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചപ്പോള്‍ 66,440 കോടി മാത്രമായിരുന്നു ഐ.ബി.സി. വഴിയുണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന്, 2020 മാര്‍ച്ച് 25 മുതല്‍ കിട്ടാക്കടമായ വായ്പകളില്‍ പുതിയ പാപ്പരത്തനടപടികള്‍ തുടങ്ങുന്നത് താത്കാലികമായി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
പാപ്പരത്തനടപടി കഴിഞ്ഞാല്‍ കൂടുതല്‍ തുക പിടിച്ചെടുത്തത് സര്‍ഫാസി നിയമപ്രകാരമാണ്; 52,563 കോടി രൂപ. മുന്‍വര്‍ഷമിത് 38,905 കോടിയായിരുന്നു. അതേസമയം, നിഷ്‌ക്രിയ ആസ്തികള്‍ ആസ്തി പുനര്‍നിര്‍മാണകമ്പനികള്‍ക്ക് വില്‍ക്കുന്ന രീതിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം കുറവുവന്നതായി ആര്‍.ബി.ഐ. റിപ്പോര്‍ട്ട് പറയുന്നു.